പൊട്ടു വരക്കുന്ന പെൺകുട്ടി
ഒരു പൊട്ടു വരച്ചുകൊണ്ടായിരുന്നു
അന്നവൾ അവനെ കാണാൻ പോയത്.
വളഞ്ഞ കുറേ വരകൾ ചേർത്തു വച്ചൊരു രൂപം!
പൊട്ട് അവൻ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ
അവൾ അവനോടു ചോദിച്ചു,
'ഇത് കണ്ടിട്ടെന്തു തോന്നുന്നു '?
അവൻ പറഞ്ഞു
'യൂറോപ്യൻ ക്ലോസറ്റിലിരിക്കുന്ന യുവാവ്'.
അവൾക്ക് ചിരിയാണ് വന്നത്.
അടുത്ത ദിവസം,
രണ്ടു വളഞ്ഞവരകൾ
ചേർത്തു വച്ചൊരു പൊട്ടാണ്
അവൾ വരച്ചത്
അവനോടവൾ ചോദിച്ചു
'ഇതു കണ്ടിട്ടെന്തു തോന്നുന്നു?'
അവൻ പറഞ്ഞു
'ഇണ ചേരുന്ന രണ്ടു തോട്ടപുഴുക്കൾ'
തോട്ട പുഴു പ്രയോഗം
അവളെ ഇത്തിരി ചൊടിപ്പിച്ചു.
അവൻ അത് മാറ്റി വായിച്ചു.
'നെഞ്ചോട് ചേർന്നു നിൽക്കുന്ന മിഥുനങ്ങൾ'
അതവൾക്ക് തൃപ്തിയേകി.
അടുത്ത ദിവസം
അവൾ വരച്ചത്
നേർ വരകളും വളഞ്ഞ വരകളും
ചേർന്നൊരു പൊട്ട്.
അവൾ ചോദിക്കാതെ തന്നെ
അവൻ പറഞ്ഞു 'ഗിറ്റാർ'
'ഗിറ്റാറോ?'
ഫോൺ കാമറയിലൂടെ
പൊട്ടിലേക്ക് നോക്കിയവൾ ചോദിച്ചു.
ഒന്നു കൂടി പൊട്ടിലേക്ക് നോക്കി
അവൻ പറഞ്ഞു
'ധ്യാനത്തിലിരിക്കുന്ന ബുദ്ധൻ!
പുറം തിരിഞ്ഞ് ധ്യാനത്തിലിരിക്കന്ന ബുദ്ധൻ'
അവൾ മന്ദഹസിച്ചു കൊണ്ട്
ഒരു നിമിഷം കണ്ണടച്ചു.
അടുത്ത ദിവസം
വളഞ്ഞവരകൾ കൊണ്ടൊരു
സിസൈനായിരുന്നു അവൾ വരച്ചത്.
പൊട്ടു നോക്കി അവൻ പറഞ്ഞു
'പുറം തിരിഞ്ഞിരിക്കുന്ന മയിൽ
തൂവലൊക്കെ കൊഴിഞ്ഞൊരു മയിൽ'
അവൾ സമ്മതിച്ചു 'അതേ മയിൽ തന്നെ'
അടുത്ത ദിവസം
പൊട്ടു തൊടാൻ
കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ
അവൾ ഒരു നിമിഷം ആലോചിച്ചു.
ആദ്യ ദിവസം ഞാൻ വരച്ചതൊരു
വെറും ഡിസൈൻ ആയിരുന്നില്ല
യൂറോപ്യൻ ക്ലോസറ്റിലിരിക്കുന്ന യുവാവ്
ആയിരുന്നു.
രണ്ടാം ദിവസം ഞാൻ വരച്ചത്
നെഞ്ചോട് ചേർന്നു നിൽക്കുന്ന മിഥുനങ്ങളും ആയിരുന്നില്ല
ഇണ ചേരുന്ന തോട്ടപുഴുക്കൾ ആയിരുന്നു.
മൂന്നാം ദിവസം ഞാൻ വരച്ചത്
ഗിറ്റാർ ആയിരുന്നു ബുദ്ധൻ ആയിരുന്നേയില്ല.
നാലാം ദിവസം വരച്ചത് മയിൽ തന്നെ ആയിരുന്നു.
അന്നവൾ പൊട്ടു വരക്കാതെയാണ്
അവനടുത്തേക്ക് പോയത്.
'എന്തേ ഇന്ന് പൊട്ടു വരച്ചില്ല?'
അവൻ ചോദിച്ചു.
'ഇന്നു വരച്ചത് എന്റെ ഹൃദയത്തിലാണ്
അതൊന്നു വായിച്ചെടുക്കൂ'
അവൾ പറഞ്ഞു.
അവളുടെ കണ്ണുകളിലേക്ക്
നോക്കിയിരുന്നവൻ വയിച്ചു തുടങ്ങി.
വായിക്കും തോറും
അവനത് വരക്കാതിരിക്കാനായില്ല.
അവളുടെ നെറ്റിയിൽ
അവൻ വരക്കാൻ തുടങ്ങി.
നെറ്റിയിൽ, കണ്ണിൽ,
കവിളിൽ, ചുണ്ടിൽ,
കഴുത്തിൽ, നെഞ്ചിൽ..
അവൻ വരച്ചുകെണ്ടേയിരുന്നു.
പെരുവിരൽ എത്തിയിട്ടു പോലും
അവൻ വായിച്ചത് വരച്ചു കഴിഞ്ഞിട്ടുണ്ടായില്ല.
അവളാകട്ടെ അവനൊരിക്കലും
വായിച്ചു കഴിയാനാവാത്ത വിധം
ഹൃദയത്തിലെഴുത്ത്
തുടർന്നു കൊണ്ടേയിരുന്നു.
-LekhaDas-
Comments
Post a Comment