ചില മുലയൂട്ടല്‍ ചിന്തകൾ
മുലയൂട്ടൽ ചർച്ചകൾക്കിടയിൽ കേട്ട ചില ഓർമകളാണ്. 2013 എഴുതി തുടങ്ങിയത്. ഇത് വരെ പൂർത്തിയായില്ല. എങ്കിലും ഇവിടെ കിടക്കട്ടെ. ഒന്ന് മുലപ്പാലെന്നു കേള്‍ക്കുമ്പോള്‍ ആദ്യം സന്തോഷിനെയാണ് ഓര്‍മ്മ വരിക. എനിക്കു കിടിക്കുവാനുള്ള മുലപാല്‍ കവര്‍ന്നവന്‍. എന്റെ അമ്മയുടെ പാലിന്റെ പങ്കു പറ്റിയവന്‍. അച്ഛന്റെ ചെറിയച്ഛന്റെ മകനാണ്. ഞാന്‍ ജനിച്ച് ഒരാഴ്ച കഴിഞ്ഞാണ് അവന്റെ ജനനം. പ്രസവത്തോടെ അവന്റെ അമ്മ മരിച്ചു. പാലു കുടിക്കാറാവുമ്പോള്‍ അവന്റെ അമ്മമ്മ അവനെയുമെടുത്ത് എന്റെ അമ്മയുടെ അടുത്തേക്കു വരും. അങ്ങിനെ എന്റെ അമ്മയുടെ പാലു കുടിച്ചാണ് അവനും വളര്‍ന്നത്. എനിക്കുള്ള മുലപാല്‍ പങ്കുവച്ചു പോകുന്നതു ആദ്യമൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ലങ്കിലും പതിയെ പതിയെ ഇഷ്ടക്കേടു പ്രകടിപ്പിച്ചു തുടങ്ങിയെന്ന് അമ്മ പറയാറുണ്ട്. അവനെ കാണുമ്പോള്‍ തന്നെ ഞാന്‍ വിശപ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയും (അതഭിനയമായിരുന്നോ എന്ന് എനിക്കിപ്പോഴും അറിയില്ല) അവനെ തള്ളിമാറ്റുകയുമൊക്കെ ചെയ്തിരുന്നത്രേ. രണ്ട് ഉച്ചവെയിലും, വെയിലത്തെ ബസ് യാത്രയും, എന്നെ കാണുമ്പോഴുള്ള ഉണ്ണിയുടെ കുതിപ്പും ആണ് മനസ...