ചില മുലയൂട്ടല്‍ ചിന്തകൾ

 മുലയൂട്ടൽ ചർച്ചകൾക്കിടയിൽ കേട്ട ചില ഓർമകളാണ്. 2013 എഴുതി തുടങ്ങിയത്. ഇത് വരെ പൂർത്തിയായില്ല. എങ്കിലും ഇവിടെ കിടക്കട്ടെ. 


ഒന്ന് 
മുലപ്പാലെന്നു കേള്‍ക്കുമ്പോള്‍ ആദ്യം സന്തോഷിനെയാണ്‌ ഓര്‍മ്മ വരിക. എനിക്കു കിടിക്കുവാനുള്ള മുലപാല്‍ കവര്‍ന്നവന്‍. എന്റെ അമ്മയുടെ പാലിന്റെ പങ്കു പറ്റിയവന്‍. അച്ഛന്റെ ചെറിയച്ഛന്റെ മകനാണ്‌. ഞാന്‍ ജനിച്ച് ഒരാഴ്ച കഴിഞ്ഞാണ്‌ അവന്റെ ജനനം. പ്രസവത്തോടെ അവന്റെ അമ്മ മരിച്ചു. പാലു കുടിക്കാറാവുമ്പോള്‍ അവന്റെ അമ്മമ്മ അവനെയുമെടുത്ത് എന്റെ അമ്മയുടെ അടുത്തേക്കു വരും. അങ്ങിനെ എന്റെ അമ്മയുടെ പാലു കുടിച്ചാണ്‌ അവനും വളര്‍ന്നത്. എനിക്കുള്ള മുലപാല്‍ പങ്കുവച്ചു പോകുന്നതു ആദ്യമൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ലങ്കിലും പതിയെ പതിയെ ഇഷ്ടക്കേടു പ്രകടിപ്പിച്ചു തുടങ്ങിയെന്ന് അമ്മ പറയാറുണ്ട്. അവനെ കാണുമ്പോള്‍ തന്നെ ഞാന്‍ വിശപ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയും  (അതഭിനയമായിരുന്നോ എന്ന് എനിക്കിപ്പോഴും അറിയില്ല)  അവനെ തള്ളിമാറ്റുകയുമൊക്കെ ചെയ്തിരുന്നത്രേ. 

രണ്ട് 
ഉച്ചവെയിലും, വെയിലത്തെ ബസ് യാത്രയും, എന്നെ കാണുമ്പോഴുള്ള ഉണ്ണിയുടെ കുതിപ്പും ആണ്‌ മനസ്സിലേക്കോടിയെത്തുന്നത്. ആ സമയത്ത് മംഗലാപുരത്തായിരുന്നു ജോലി. രണ്ടു ബസ് മാറിക്കേറി വേണം വീട്ടിലെത്താന്‍. എങ്കിലും രണ്ടു വയസ്സു വരെ ഉച്ചഭക്ഷണസമയത്ത് വീട്ടിലെത്തിയിരുന്നു. എന്നെ കാണുമ്പോഴുള്ള സന്തോഷവും ചിരിയും വെയില്‍ കൊണ്ട ക്ഷീണമൊക്കെ മാറ്റും. അമ്മയുടെ കൈയിലിരുന്നു കുതിച്ച് എന്റെ നേര്‍ക്കൊരു ചാട്ടമാണ്‌. നടന്നു തുടങ്ങിയതില്‍ പിന്നെ കാണുമ്പോഴെ തുള്ളിച്ചാട്ടമായി. ചാടിയോടി കുടിക്കാന്‍ തയാറായി  ബെഡ്ഡില്‍ കിടക്കുകയും ചെയ്യും. അഞ്ചു വയസ്സു വരെ മുല കുടിച്ചിരുന്നു അവന്‍. 


മൂന്ന്
മൂത്ത മകള്‍ക്ക് ഏഴു മാസം പ്രായമുള്ളപ്പോഴാണ്‌ വനയോര മേഖലയിൽ കുടിയൊഴിപ്പിക്കുവാനുള്ള ഡ്യൂട്ടി വന്നത്. എത്ര നാളേക്ക് എന്നു തീര്‍ച്ചയില്ലാത്തതിനാല്‍ കുഞ്ഞിനെയും ഒപ്പം കൂട്ടി. ഒരു സഹപ്രവര്‍ത്തകക്കുമുണ്ടായി അതേ പ്രായത്തിലൊരു കുഞ്ഞ്. അവിടെയടുത്തൊരു പരിചയമുള്ള വീട്ടില്‍ അടുത്തടുത്തു രണ്ടു തൊട്ടികെട്ടി കുട്ടികളെ കിടത്തി. ഡ്യൂട്ടിക്കിടയിലുള്ള ഇടവേളകളില്‍ വന്നാണ്‌ മുല കൊടുത്തിരുന്നത്. അവിടുത്തെ ഗ്രഹനാഥയുടെ പരിചരണത്തിലായിരുന്നു കുട്ടികൾ ആ നാലു പകലുകളും. 


നാല്‌
പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ച ആദ്യ ദിനം. ഇടക്കു കുഞ്ഞിനെ കുറിച്ചൊന്നു ചിന്തിച്ചപ്പോഴെക്കും ഡ്രസ്സ് ആകെ നനഞ്ഞിരുന്നു. ആദ്യദിവസങ്ങളില്‍ പാല്‍ ഇടക്കു പിഴിഞ്ഞു കളയണമെന്നു പഠിച്ചതന്നാണ്‌.


അഞ്ച്
ആറു മാസം  മുലപാല്‍ മാത്രം എന്ന തീരുമാനം ആദ്യം തന്നെ എടുത്തിരുന്നു. ജോലിക്കു പോകുന്നതിനു മുന്‍പേ തിരിച്ചെത്തുന്നതു വരെ കുടിക്കാനുള്ള പാല്‍ പിഴിഞ്ഞു വച്ചിരുന്നു. വെളുപ്പിനു അഞ്ചു മണിക്കുണരും. ഉണർന്ന ഉടൻ ആദ്യത്തെ  പിഴിയല്‍. രണ്ടാമത് ആറരക്ക്.  ഇറങ്ങുന്നതിനു തൊട്ടു മുന്‍പ് ഒന്നു കൂടി. നല്ല ബുദ്ധിമുട്ടായിരുന്നു. പക്ഷെ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കണം എന്ന ആഗ്രഹം അതിലേറെ തീവ്രവും.  ഇപ്പോഴൊര്‍ക്കുമ്പോള്‍ അഭിമാനം, സംതൃപ്തി. 

ആറ്

ആദ്യത്തെ മുലയൂട്ടല്‍ ആണ് ഓർമ്മയിൽ! പ്രസവിച്ച ആദ്യ ദിനം.കുഞ്ഞ്  ശരിക്കും വലിച്ചു കുടിക്കുന്നില്ല. ഞാന്‍ ശ്രമിച്ചു. അമ്മ ശ്രമിച്ചു. ടെന്‍ഷന്‍, പിരിമുറുക്കം. അവസാനം സിസ്റ്റര്‍ വന്നു. മുല ഞെട്ടു നന്നായി  തിരുമ്മി. പിന്നെ മുല കൊണ്ട് അവന്റെ കവിളിലും ചുണ്ടിന്റെ വശങ്ങളിലും തലോടി. അവൻ പതിയെ വായ തുറന്നു. മുലയിലൊന്നമർത്തി ഒരു തുള്ളി പാല് വായിലേക്കിറ്റിച്ചു. അത് നുണഞ്ഞു, തല തനിയെ ചരിച്ച് മുലഞെട്ട് പതിയെ വായിക്കുള്ളിലാക്കി. പിന്നെ പതിയെ വലിച്ച് തുടങ്ങി.  ആദ്യത്തെ അനുഭൂതി....
                       
ഏഴ് 
വേദന! മുല കല്ലിച്ചതിന്റെ  വേദന! പിന്നെ നിപ്പിളിനറ്റത്ത് തൊലി പോയതിന്റെയും.
ആദ്യ ദിവസം പാല് കുറവായതുകൊണ്ട് കുഞ്ഞിന് ലാക്ടോജൻ കലക്കി കൊടുത്തു. പിന്നെ പിന്നെ പാലുണ്ടാവാനുള്ള ഗുളികയും കഴിച്ചു. മൂന്നാം ദിവസം പാലുണ്ടായപ്പോഴേക്കും അവൾ വലിച്ച് കുടിക്കാൻ  മടിയും കാട്ടി തുടങ്ങി. ആദ്യ ദിവസങ്ങളിൽ പാല് കുറവായിരിക്കുമെന്നും കുഞ്ഞിന് അത്രയേ വേണ്ടൂ എന്നും പിന്നീടാണ് മനസ്സിലായത്. 

എട്ട് 
മുല വലിച്ചു കുടിച്ച് തുടങ്ങുമ്പോഴേക്കും രണ്ടു മുലകളിലും പാല് വന്നു നിറയുന്ന ഒരു ഫീലുണ്ട്. പിന്നെ കുടിക്കുന്ന  മുല കാലിയാവുന്നതും, മറ്റേ മുല ചുരത്തി തുടങ്ങുന്നതും ഉടുപ്പ് നനയുന്നതും! ആകെ പാൽമണം! 
അതാണൊർക്കാണ് ഏറ്റവും ഇഷ്ടമുള്ള നനുത്ത ഓർമ്മ  

Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ