ഭയാനകം (Bhayanakam 2018)
എഴുത്തും വായനയും അറിയാത്ത ആളുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിൽ പോസ്റ്റുമാന് എന്താവും ജോലി! 2018 ൽ പുറത്തിറങ്ങിയ ജയരാജ് ചിത്രമായ ഭയാനകം അങ്ങനെ ഒരു പോസ്റ്റുമാനിലൂടെ ആണ് കഥ പറയുന്നത്. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുമ്പോൾ വെടിയുണ്ട കയറി ചലനശേഷി കുറഞ്ഞ കാലുമായാണ് പോസ്റ്റുമാൻ ആ കുട്ടനാടൻ ഗ്രാമത്തിലേക്ക് ഒരു വഞ്ചി തുഴഞ്ഞെത്തുന്നത്. വഞ്ചിയിൽ നിന്നിറങ്ങി ക്രച്ചസ്സിന്റെ സഹായത്തോടെ നടന്നു നീങ്ങി അയാൾ നാട്ടുകാർക്കെത്തിക്കുന്നത് ഏറെയും പട്ടാളത്തിലുള്ള മക്കൾ അയക്കുന്ന മണി ഓർഡറുകൾ ആണ്. ചുരുക്കം ചില കത്തുകളും. അത് പോസ്റ്റുമാൻ തന്നെ വായിച്ച് കേൾപ്പിക്കുകയും വേണം. ആ ഗ്രാമത്തിലെ മിക്ക വീടുകളിലെയും ആൺമക്കൾ പട്ടാളത്തിലാണ്. ഇപ്പോഴും റിക്രൂട്ട്മെന്റ് നടന്നുകൊണ്ടേയിരിക്കുന്നു. അതിൽ പങ്കെടുക്കാൻ നിൽക്കുന്ന ചെറുപ്പക്കാരുടെ നീണ്ട വരി കാണുമ്പോൾ അയാൾ നിസംഗതയോടെ ഒരു വേള നോക്കി നിൽകാറുമുണ്ട്. മണി ഓർഡർ ആയി മക്കൾ അയക്കുന്ന അണകൾ എണ്ണി കൊടുക്കുന്ന പോസ്റ്റുമാനോട് അവർക്ക് മക്കളോടെന്ന പോലെ തന്നെ സ്നേഹമാണ്. എന്...