ഭയാനകം (Bhayanakam 2018)
എഴുത്തും വായനയും അറിയാത്ത ആളുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിൽ പോസ്റ്റുമാന് എന്താവും ജോലി!
2018 ൽ പുറത്തിറങ്ങിയ ജയരാജ് ചിത്രമായ ഭയാനകം അങ്ങനെ ഒരു പോസ്റ്റുമാനിലൂടെ ആണ് കഥ പറയുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുമ്പോൾ വെടിയുണ്ട കയറി ചലനശേഷി കുറഞ്ഞ കാലുമായാണ് പോസ്റ്റുമാൻ ആ കുട്ടനാടൻ ഗ്രാമത്തിലേക്ക് ഒരു വഞ്ചി തുഴഞ്ഞെത്തുന്നത്. വഞ്ചിയിൽ നിന്നിറങ്ങി ക്രച്ചസ്സിന്റെ സഹായത്തോടെ നടന്നു നീങ്ങി അയാൾ നാട്ടുകാർക്കെത്തിക്കുന്നത് ഏറെയും പട്ടാളത്തിലുള്ള മക്കൾ അയക്കുന്ന മണി ഓർഡറുകൾ ആണ്. ചുരുക്കം ചില കത്തുകളും. അത് പോസ്റ്റുമാൻ തന്നെ വായിച്ച് കേൾപ്പിക്കുകയും വേണം.
ആ ഗ്രാമത്തിലെ മിക്ക വീടുകളിലെയും ആൺമക്കൾ പട്ടാളത്തിലാണ്. ഇപ്പോഴും റിക്രൂട്ട്മെന്റ് നടന്നുകൊണ്ടേയിരിക്കുന്നു. അതിൽ പങ്കെടുക്കാൻ നിൽക്കുന്ന ചെറുപ്പക്കാരുടെ നീണ്ട വരി കാണുമ്പോൾ അയാൾ നിസംഗതയോടെ ഒരു വേള നോക്കി നിൽകാറുമുണ്ട്.
മണി ഓർഡർ ആയി മക്കൾ അയക്കുന്ന അണകൾ എണ്ണി കൊടുക്കുന്ന പോസ്റ്റുമാനോട് അവർക്ക് മക്കളോടെന്ന പോലെ തന്നെ സ്നേഹമാണ്. എന്നാൽ ആ സ്നേഹം, വെറുപ്പും ദേഷ്യവും ഒക്കെയായി മാറാൻ രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നത്ര സമയമേ വേണ്ടി വന്നുള്ളൂ. മരണ സന്ദേശം അടങ്ങുന്ന കമ്പികളുമായി ആയിരുന്നു പിന്നീടുള്ള അയാളുടെ സഞ്ചാരം. മരണ ദൂതുമായി വരുന്ന അയാളെ ഒരു ദുശ്ശകുനമായി കണ്ടു തുടങ്ങിയ അവർ അയാളെ കാണുമ്പോൾ തന്നെ മാറി പോകാനും തുടങ്ങുന്നു.
ഓരോ മരണവും ഉണ്ടാക്കുന്ന ആഘാതങ്ങൾ പലതാണ്. വീട്ടുകാരെയും നാടിനെയും അത് ബാധിക്കുന്ന രീതിയും പലതാണ്. അവശേഷിപ്പിക്കുന്നത് തീരാ നൊമ്പരങ്ങളും.
ഒരു തിരഞ്ഞെടുപ്പിനുള്ള സാധ്യത എവിടെയുണ്ടോ? ഇവർക്ക് പട്ടാളത്തിൽ പോകാതിരുന്നു കൂടെ എന്ന് നമുക്ക് തോന്നും. അതും നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയ ബ്രിട്ടീഷുകാർക്ക് വേണ്ടി യുദ്ധം ചെയ്യാൻ. പക്ഷെ യുദ്ധം എന്തെന്നും എന്തിനെന്നും പോലും അറിയാത്ത ആളുകളുടെ കാലം ആണത്.
മരണവാർത്തകൾ നാട്ടിലെങ്ങും പതിവായ സമയത്തും പട്ടാളത്തിൽ ചേരാൻ വേണ്ടി വരി നിൽക്കുന്ന ചറുപ്പക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. മരണവാർത്തകൾ ഏൽപ്പിച്ചു കൊണ്ടേയിരിക്കുന്ന മാനസിക സംഘർഷങ്ങളുമായി നീങ്ങുന്ന പോസ്റ്റുമാൻ വരി നിൽക്കുന്ന ഒരു ചെറുപ്പക്കാരനോട് ചോദിക്കുന്നുണ്ട് " ഇന്നലെ നിന്റെ കൂട്ടുകാരന്റെ മരണ വാർത്ത കേട്ടിട്ടും പട്ടാളത്തിൽ ചേരാൻ നിന്റെ പെറ്റ തള്ള സമ്മതിച്ചോ" എന്ന്. ഇത് കേട്ട് തൊട്ടു പിന്നിൽ നിൽക്കുന്ന പയ്യൻ ആണ് മറുപടി പറയുന്നത് "സമ്മതിക്കും... വിശന്നു വയറു പൊരിയുമ്പോൾ ഏതു തള്ളയും സമ്മതിക്കും".
അതെ! വിശപ്പാണ് സത്യം. പലപ്പോഴും തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത് ആ സത്യമാവും!
രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു കുട്ടനാടൻ ഗ്രാമവും യുദ്ധം ആ ഗ്രാമത്തിൽ ഉണ്ടാക്കുന്ന ആഘാതവും നല്ല രീതിയിൽ തന്നെ അനുഭവിപ്പിക്കാൻ ഈ സിനിമക്ക് കഴിയുന്നുണ്ട്. സമൂഹത്തിലെ പല തട്ടിലുള്ള വീടുകൾ, കുടുംബബന്ധങ്ങൾ, ജീവിത രീതികൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരാധീനതകൾ ഒക്കെയും നല്ല രീതിയിൽ അവതരിപ്പിക്കുന്നുമുണ്ട്.
ഒന്നാം ലോക മഹായുദ്ധം തൻറെ മനസ്സിലും ശരീരത്തിലും ഏല്പിച്ച മുറിവുകളുടെ ഭാരവുമായി നടക്കുന്നതിനിടെ രണ്ടാം മഹായുദ്ധത്തിന്റെആഘാതങ്ങൾ കൂടി പേറേണ്ടി വരുന്ന പോസ്റ്റ്മാന്റെ നിസ്സഹായതയും മാനസിക സംഘർഷങ്ങളും അവതരിപ്പിച്ച രഞ്ജി പണിക്കർ പ്രശംസ അർഹിക്കുന്നു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപ്രത്രം തന്നെയാണ് പോസ്റ്റുമാൻ.
ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫി എടുത്ത് പറയേണ്ടതാണ്. എത്ര മനോഹരമായ ഫ്രെമുകൾ. ഒപ്പം സാഹചര്യത്തിനും യോജിക്കുന്ന രീതിലുള്ള കളർ ടോണും. കഥയോട് ചേർന്ന് നിൽക്കുന്ന പാട്ടുകളും ഹൃദ്യമാണ്.
2018 ൽ ജയരാജിനു മികച്ച സംവിധായകനും നിഖിൽ എസ് പ്രവീണിന് സിനിമാട്ടോഗ്രാഫിക്കും ഉള്ള ദേശീയ അവാർഡുകൾ നേടിക്കൊടുത്തത ചിത്രം ആണ് ഇത്. അർജുനൻ മാഷിന് സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.
- LekhaDas -

Comments
Post a Comment