അഷ്ടമി രോഹിണി ചിന്തുകള്‍
അഷ്ടമി രോഹിണി സ്പെഷ്യലായി കൃഷ്ണനെ വരക്കാം എന്നൊരു തോന്നലായിരുന്നു രാവിലെ. കാർമുകിൽ വർണ്ണനെ മനസ്സിലാവാഹിച്ചങ്ങനിരിക്കെ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. കാർമുകിലായ്! എന്റെ വിരലുകളിലേക്കല്ല... കാർമുകിലായ്... ഈ പ്രകൃതിയിലേക്കു മുഴുവനായി ഒരു പ്രണയമഴയായ് പെയ്തിറങ്ങാൻ പോവുകയാണ് എന്ന് അറിയിച്ചു കൊണ്ട്. ആർത്തലച്ചു പെയ്യാൻ പോകുന്ന മഴയെ കുറിച്ച് ഓർത്തപ്പോൾ തന്നെയൊരു സുഖം. പ്രകൃതിയും ആനന്ദം പ്രകടിപ്പിച്ചു തുടങ്ങി. പുലർച്ചേ പെയ്ത മഴയിൽ കുളിച്ച് സുന്ദരിയായി. ശ്രദ്ധ പോവാതിരിക്കാൻ കാറ്റിനെ പോലും മാറ്റി നിർത്തി.... കരിയില പക്കികൾ തിരക്കിട്ടു ചിലക്കുന്നതും കൃഷ്ണനെ കുറിച്ചാവും. മയിലുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആനന്ദ നടനം നടത്തിയേനെ. അപ്പോൾ പൊഴിഞ്ഞു വീഴുന്ന മയിൽ പീലികൾ പെറുക്കിയെടുത്ത് അതിൽ കൃഷ്ണനെ ആവാഹിച്ചു സൂക്ഷിക്കായിരുന്നു. മയിലുകൾക്കൊപ്പം ആനന്ദനടനമാടുന്ന മനസ്സിനെ അപ്പോഴാണ് തിരിച്ചറിഞ്ഞത്. ഈ മഴ എന്തായാലും ഒന്ന് നനയണം. മഴയിൽ കുളിർക്കട്ടെ ഈ അഷ്ടമി രോഹിണി. ഇപ്പോ തോന്ന്യാ മഴയെക്കാളും സുഖം മഴക്കായുള്ള കാത്തിരിപ്പിനുണ്ടന്ന്. അവിടെ അനിശ്ചിതത്വമുണ്ട്. ...