അഷ്ടമി രോഹിണി ചിന്തുകള്‍
അഷ്ടമി രോഹിണി സ്പെഷ്യലായി കൃഷ്ണനെ വരക്കാം
എന്നൊരു തോന്നലായിരുന്നു രാവിലെ.
കാർമുകിൽ വർണ്ണനെ മനസ്സിലാവാഹിച്ചങ്ങനിരിക്കെ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. കാർമുകിലായ്!
എന്റെ വിരലുകളിലേക്കല്ല...
കാർമുകിലായ്...
ഈ പ്രകൃതിയിലേക്കു മുഴുവനായി ഒരു പ്രണയമഴയായ് പെയ്തിറങ്ങാൻ പോവുകയാണ് എന്ന് അറിയിച്ചു കൊണ്ട്.
ആർത്തലച്ചു പെയ്യാൻ പോകുന്ന മഴയെ കുറിച്ച് ഓർത്തപ്പോൾ തന്നെയൊരു സുഖം. പ്രകൃതിയും ആനന്ദം പ്രകടിപ്പിച്ചു തുടങ്ങി.
പുലർച്ചേ പെയ്ത മഴയിൽ കുളിച്ച് സുന്ദരിയായി. ശ്രദ്ധ പോവാതിരിക്കാൻ കാറ്റിനെ പോലും മാറ്റി നിർത്തി....
കരിയില പക്കികൾ തിരക്കിട്ടു ചിലക്കുന്നതും കൃഷ്ണനെ കുറിച്ചാവും. മയിലുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആനന്ദ നടനം നടത്തിയേനെ. അപ്പോൾ പൊഴിഞ്ഞു വീഴുന്ന മയിൽ പീലികൾ പെറുക്കിയെടുത്ത് അതിൽ കൃഷ്ണനെ ആവാഹിച്ചു സൂക്ഷിക്കായിരുന്നു.
മയിലുകൾക്കൊപ്പം ആനന്ദനടനമാടുന്ന മനസ്സിനെ അപ്പോഴാണ് തിരിച്ചറിഞ്ഞത്.
ഈ മഴ എന്തായാലും ഒന്ന് നനയണം. മഴയിൽ കുളിർക്കട്ടെ ഈ അഷ്ടമി രോഹിണി.
ഇപ്പോ തോന്ന്യാ മഴയെക്കാളും സുഖം മഴക്കായുള്ള കാത്തിരിപ്പിനുണ്ടന്ന്.
അവിടെ അനിശ്ചിതത്വമുണ്ട്. ആകാംഷയുണ്ട്.
ഒപ്പം പ്രതീക്ഷയും.
മഴ പെയ്യുമോ!
ചാറ്റൽ മഴയോ പെരുമഴയോ..
എന്തായാലും പ്രതീക്ഷ പകരുന്നൊരു സുഖം...
കള്ള കൃഷ്ണൻ പറ്റിച്ചു. ഇന്നിനി പെയ്യുന്നില്ല എന്നറിയിച്ചു കൊണ്ട് വെയിലിനെ അയച്ചിരിക്കുന്നു. നീ പെയ്യുന്നില്ലങ്കിൽ വേണ്ട. നീ പെയ്തിറങ്ങാൻ പോകുന്ന ആനന്ദം ഞാൻ അനുഭവിച്ചു കഴിഞ്ഞുവെന്ന് ഞാനും.
നാം പ്രതീക്ഷിക്കുന്നതു പോലെയെന്നുമാവില്ല ജീവിതത്തിൽ കാര്യങ്ങൾ നടക്കുക എന്നാണ് ഇന്നത്തെ പാഠം. പ്രതീക്ഷിക്കുന്നത് നടന്നില്ലങ്കിലും നടക്കുന്നതിൽ ആനന്ദം കണ്ടെത്താനാവുമെന്നും.
ഇങ്ങനെയോരോന്നു പഠിപ്പിക്കാനാണല്ലോ പല രൂപത്തിൽ, ഭാവത്തിൽ ഭഗവാൻ നമുക്ക് മുന്നിലെത്തുന്നത്.
വിരൽ തുമ്പിലെത്താൻ അദ്ദേഹം ഉത്സാഹം കാട്ടാത്തതു കൊണ്ട് ആ ഉദ്യമം ഉപേക്ഷിച്ചു. വിരൽ നേരേ മുഖപുസ്തകത്തിലേക്ക്.
"എന്റെ കൃഷ്ണാ ,നാളെ ഒരു ദിവസത്തേക്ക് ഞാനും കൃഷ്ണന്‍ ആകുമെട്ടോ" സതീഷിന്റെ ഇന്നലത്തെ ഫോട്ടോ പോസ്റ്റ് മനസ്സിലുടക്കി. എന്റെ ഉണ്ണിയും രണ്ടു വർഷം കൃഷ്ണവേഷം അണിഞ്ഞിരുന്നു. പിന്നീടാണ് മനസ്സിലായത് ഉണ്ണികൾ കൃഷ്ണൻ തന്നെയാണന്ന്. നമ്മളെയോരോന്നു പഠിപ്പിക്കാൻ കൃഷ്ണൻ നേരിട്ട് നമ്മുടെ ജീവിതത്തിലെത്തുന്നതാണന്ന്. അതൊക്കെ പഠിക്കണമെങ്കിൽ പൂർണ്ണമായും അവർക്കൊപ്പം ഉണ്ടാവണമെന്നു മാത്രം. മനസ്സുകൊണ്ടും ശരീരം കൊണ്ടും. ഉണ്ണിക്കണ്ണനായി വീട്ടിലെത്തിയ ഭഗവാനെ രാമനും രാവണനും ഒക്കെയായി മാറ്റുന്നതും നാം തന്നെ.
അജിത്തിന്റെ ഹൈകു വരികളും ഒപ്പം വായിക്കാം.
"കൃഷ്ണാ
ദ്രൗപദിയാമെനിക്ക്
വസ്ത്രം തന്നതും നീ
ഗോപികയാമെന്റെ
ചേല കവർന്നതും നീ".
ജീവിതത്തിലുടനീളം സാഹചര്യത്തിനനുസരിച്ച് പല രൂപത്തിലും ഭാവത്തിലും ഭഗവാൻ വീണ്ടും വീണ്ടും തന്റെ സാമീപ്യമറിയിച്ചു കൊണ്ടേയിരിക്കും.
ചിലപ്പോൾ രക്ഷകനായ്... ചിലപ്പോൾ കാമുകനായ് ... ജീവിതത്തിന് നിറം പകർന്നു കൊണ്ട്.
ഇതെഴുതി കഴിഞ്ഞപ്പോൾ അറിഞ്ഞു. കൃഷ്ണൻ വന്നിരുന്നു.
എന്റെ വിരലുകളിൽ.
വരയായല്ല വരികളായ്.
ലേഖാ ദാസ്
Comments
Post a Comment