കുരങ്ങനും ഞാനും തമ്മിൽ


ഓർമ്മയിലെ ആദ്യത്തെ കുരങ്ങൻ മുത്തശ്ശിക്കഥകളിലായിരുന്നു.
അതായത് എൻ്റെ  മുത്തശ്ശി എനിക്കു പറഞ്ഞുതന്നിരുന്ന കഥകളിൽ. 
അതിൽ എനിക്ക് ഏറെ ഇഷ്ടം ആ കുരങ്ങൻ കഥ. 

ഇടുക്കി പൈനാവ് ആന  വാർഡിലെ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു എൻ്റെ ജീവിതത്തിലെ ആദ്യത്തെ മൂന്നു നാല് വർഷം  ചിലവഴിച്ചത്. പപ്പ ആസ്സാമിലും മമ്മി ഇടുക്കിയിലും ജോലി ചെയ്തിരുന്ന കാലം. മുത്തശ്ശിയാരുന്നു അന്നെന്നെ നോക്കിയിരുന്നത്. കുളിച്ചൊരുക്കിയിരുത്തുന്നതും, പടിയിലിരുന്നു ഞാൻ വാർഡിലെ എല്ലാവരോടും കിന്നാരം പറയുന്നതും, ചെറിയപാത്രത്തിലെടുത്ത് അച്ചാർ  നക്കി തിന്നുന്നതും, എടുത്ത് നടന്നു കഥകൾ പറഞ്ഞ് ചോറ് വാരിത്തരുന്നതും   ഒക്കെ  എത്ര തവണ കേട്ട് ഞാൻ സുഖം കൊണ്ടിരിക്കുന്നു. 

അതിൽ ഏറ്റവും സുഖം ആനകളെ ചൂണ്ടിക്കാണിച്ചു ചോറ് വാരിത്തന്ന കഥയാണ്. ചിലപ്പോളൊക്കെ വെള്ളം കുടിക്കാനായി ആനകൾ അപ്പുറത്തെ മലയിറങ്ങി വരാറുണ്ടതത്രേ. ഈ കഥ എന്നെ അല്പം ആത്മാഭിമാനിയാക്കാറുമുണ്ട്. കാക്കയെയും പൂച്ചയെയുമൊക്കെ കണ്ടു ചോറുണ്ട കുട്ടികൾക്കിടയിൽ ആനയെ കണ്ടു ചോറുണ്ട ഞാൻ!!
മലകൾ കാണുമ്പോഴും പൂരപ്പറമ്പിൽ ആനകളെ കാണുമ്പോഴും ഒക്കെ ഈ കാര്യമോർത്ത് ഞാൻ ചിലപ്പോൾ  അഭിമാന പുളകിതയാകാറുപോലുമുണ്ട്. 

അങ്ങനെ വിലസിയിരുന്ന ഒരു ദിവസമാണ്  എന്നെ കാണാതാവുന്നത്. കുളിപ്പിചൊരുക്കിയിരുത്തി മുത്തശ്ശിയെന്തോ പണിയിലേർപ്പെട്ടു കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ എന്നെ കാണാനില്ല.
അടുത്ത വീടുകളിലൊക്കെ അന്ന് ഞാൻ സ്ഥിരസാന്നിധ്യമായിരുന്നത് കൊണ്ട് ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നെയാണ് അവിടെയൊന്നും ഞാനില്ലെന്നു മുത്തശ്ശിയും എന്നെ കാണാനില്ലെന്ന് നാട്ടുകാരും മനസ്സിലാക്കിയത്.
ആദ്യം ഒന്ന്  തളർന്നു പോയെങ്കിലും  പോലീസ് മകൾ എത്തുന്നതിനു മുൻപ് കുട്ടിയെ കണ്ടുപിടിക്കേണ്ട തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മുത്തശ്ശി ഉഷാറായി എനിക്കു വേണ്ടിയുളള  തിരച്ചിൽ ആരംഭിച്ചു. ഒപ്പം നാട്ടുകാരും. 

"കുറേ മുൻപ് അമ്പിളിമോൾ (വീട്ടിൽ വിളിക്കുന്ന അമ്പിളിയെന്ന പേരും കൂടി എനിക്കുണ്ട്) മുത്തശ്ശിയുണ്ടന്നും പറഞ്ഞ്  കാടിന്റെ അങ്ങോട്ട് പോവുന്നത് കണ്ടിരുന്നു".  അപ്പൊഴാരോ പറഞ്ഞു. (ക്വാർട്ടേഴ്സിന്റെ ഒരു സൈഡ് കാടാണ്. പുറകിലും). അങ്ങനെ എനിക്കായുള്ള അന്വേഷണം  പിന്നെ കാട്ടിലായി. പലരും പലവഴിക്ക് തിരിഞ്ഞ് തിരച്ചിൽ  തുടർന്നു.
അവസാനം നിങ്ങൾ ഊഹിച്ചതു പോലെ എന്നെ കണ്ടുപിടിച്ചു.
രണ്ടു രണ്ടര  വയസ്സുള്ള ഞാൻ ഒരു പറ്റം കുരങ്ങുകളുടെ കൂടെ കളിക്കുകയായിരുന്നു. 'എന്റെ കൈയിൽ അവരു തന്നെ എന്തോ പഴവുമുണ്ടായിരുന്നു' എന്ന് മുത്തശ്ശി പറഞ്ഞതായാണ് എന്റെ ഓർമ്മ. 

അങ്ങനെ കാട്ടിനുള്ളിൽ കുരങ്ങുകളുമൊത്ത് സന്തോഷത്തോടെ കളിച്ചിരുന്ന എന്നെ വീട്ടിലേക്കു കൊണ്ടുവന്നു. അല്ലായിരുന്നുവെങ്കിൽ ടാർസന്റെ ഫീമെയിൽ വേർഷനായി കാട്ടിൽ വിരാചിക്കേണ്ട ഞാനായിരുന്നു.

എന്നിട്ടിപ്പോൾ,  കാടു കയറുന്ന സഞ്ചാരികളാരെങ്കിലുമൊക്കെ കണ്ടുപിടിച്ച്  ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു വൈറലായി......
 ഡിസ്കവറി ചാനലിലൊക്കെ പ്രോഗ്രാം വന്ന് ... 
എല്ലാം മിസ് ആയി!

ഇന്നിപ്പോ ഹിമാചലിലെ ഈ ഓഫീസിലിരിക്കുമ്പോൾ  ഇടക്കിടെ പഴയ ഫ്രെണ്ട്സ് വന്നു വിളിക്കും. ഞങ്ങൾ കിന്നാരം പറയും.
ചിലപ്പോൾ കൂട്ടമായി വന്നു രസിപ്പിക്കും, ചിന്തിപ്പിക്കും...
ചിലപ്പോൾ ഗോഷ്ടി കാണിക്കും (ഞാൻ തിരിച്ചും)..
ചിലപ്പോൾ തുറന്ന ജനലിലൂടെ അകത്ത് കയറാൻ ശ്രമിച്ചു പേടിപ്പിക്കും..
ചിലപ്പോൾ കുറുമ്പ് കാട്ടി ചൊടിപ്പിക്കും.

കുരങ്ങു പുരാണം പറഞ്ഞാൽ തീരില്ല. (തുടരും). 
Monkey n Me - 1



Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ