ഒരു ആത്മാന്വേഷിയുടെ ആത്മഗതം!
ഉണർന്നപ്പോൾ തോന്നിയത് നടക്കാനാണ്.
വേഗത്തിൽ.
വളരെ ദൂരെ.
ഇതുവരെയും നടക്കാത്തത്ര വേഗതയിൽ.
വഴിയിൽ കണ്ട പരിചയമുള്ള പലരെയും കാണാത്ത പോലെയും !
അതുവരെ കാണാതിരുന്ന കല്ലും, മണ്ണും, ചെടികളും, ഇലയും, ഒക്കെ കണ്ടും.
അതുവരെ കേൾക്കാതിരുന്ന പക്ഷികളെയും ചീവീടിനെയും, കാറ്റിനെയും, കാറ്റു പൊഴിക്കുന്ന ഇലകളെയും കേട്ടും.
ഇടക്കിടെ തഴുകി കടന്നു പോകുന്ന മാരുതനെ അറിഞ്ഞും.
ഒന്നു കണ്ണടച്ച് ആ അനുഭവം ഉള്ളിലേക്ക് ആവാഹിച്ചും.
നടത്തത്തിന്റെ വേഗത കുറഞ്ഞതും ഒരിടത്ത് ഇരുപ്പായതും താൻ പോലും അറിയാതെയാണ്.
ആത്മാന്വേഷത്തിന്റെ പാതയിൽ ചിലപ്പോൾ അങ്ങിനെയാണ്.
ഹൃദയം നിയന്ത്രണം ഏറ്റെടുക്കും.
ഉള്ളിൽ നിന്നും വരുന്ന ചില തോന്നലുകൾക്ക് അടിമപ്പെടും. കാരണമറിയാതെ പലതും ചെയ്യേണ്ടി വരും.
മനസ്സിലുണ്ടാവുന്ന തിരയിളക്കങ്ങൾ അടക്കാൻ കഴിയാതെ വരും.
ആ തിരയിളക്കങ്ങൾക്ക് കാതോർത്തങ്ങനെയിരിക്കുമ്പോൾ എപ്പോഴോ അത് ശാന്തമാകും.
പതിയെ പതിയെ..
ആ ശാന്തതയിൽ ഹൃദയത്തിന്റെ താളവും ശ്വാസത്തിന്റെ ഗതിയും , ശരീരത്തിന്റെ ചുടും അന്തരീക്ഷത്തിന്റെ തണുപ്പും
പിന്നെ പതിയെ ആ ശൂന്യതയും... ശൂന്യതയിലെ ആനന്ദവും...
ആ ആനന്ദത്തിലേക്കാണ് ഹൃദയം നയിക്കുക.
അത് ഹൃദയത്തിന്റെ ഉൾവിളിയാണ്.
ഹൃദയത്തിന്റെ തേടലാണ്.
Comments
Post a Comment