ചുറ്റുമുള്ള സുന്ദര മനുഷ്യർ 1
കഴിഞ്ഞ ദിവസം ഹോസ്പിറ്റലിലെ ഒരു ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷനുമായി സംസാരിക്കുകയായിരുന്നു. അവൻ ആണ് OT ടെക്നിഷ്യൻമാരുടെ ഇടയിൽ നിന്നുള്ള ക്വാളിറ്റി ചാമ്പ്യൻ. അതുകൊണ്ട് ഇടക്കിടക്ക് ഞങ്ങൾ കാണാറുണ്ട്. ഏൽപ്പിക്കുന്ന ജോലിയൊക്കെ നല്ല താല്പര്യത്തോടെ ചെയ്യുന്നത് കൊണ്ടും കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കി പഠിക്കാനുള്ള താല്പര്യം കൊണ്ടും എനിക്ക് നല്ല മതിപ്പാണ് അവനെ കുറിച്ച്.
ഒരു ദിവസം സംസാരത്തിനിടക്ക് ഫാമിലിയെ കുറിച്ച് ചോദിച്ചപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.
അവൻ വരുന്നത് ഉത്തരാഖണ്ഡിലെ മലമുകളിൽ ഉള്ള ഒരു ഗ്രാമത്തിൽ നിന്നാണ്. പ്ലസ് ടു കഴിഞ്ഞ് OT ടെക്നിഷ്യൻ കോഴ്സ് പഠിച്ച് ജോലി നേടിയത് കൊണ്ട് മാത്രം ജീവിത നിലവാരം മെച്ചപ്പെട്ടു. വീട്ടുകാരെയും സഹായിക്കാൻ പറ്റി. അവരൊക്കെ ചെറിയ രീതിയിൽ കൃഷി ചെയ്താണ് ജീവിക്കുന്നത്. അങ്ങനെ ഇരിക്കെ വീട്ടുകാർ അവന്റെ കല്യാണം തീരുമാനിച്ചു. പെൺകുട്ടി പ്ലസ്ടു കഴിഞ്ഞട്ടേയുള്ളൂ. കല്യാണം കഴിഞ്ഞു അവളെയും ഇങ്ങോട്ടു കൊണ്ട് വന്നു. ഹോസ്പിറ്റലിനടുത്ത് വാടകക്കാണ് താമസം. ഹണിമൂൺ കാലത്ത് അവൻ ചെയ്തത് അവളെ ജനറൽ നഴ്സിംങ്ങിനു ചേർക്കുക എന്നുള്ളതാണ്. ഫീസിന് ലോൺ എടുത്തു. ശമ്പളം കിട്ടുമ്പോൾ മാസം തോറും ലോൺ തിരിച്ചടക്കുകയും ചെയ്തു. ഫൈനൽ ഇയർ പടിക്കുമ്പോൾ അവൾ ഗർഭിണിയായി. പരീക്ഷ കഴിഞ്ഞ് ആയിരുന്നു പ്രസവം. ഇപ്പോൾ കുട്ടിക്ക് ആറു മാസം.
ഇത് വരെ ചെയ്ത ജോലികൾക്ക് കൊടുത്തതിനെക്കാൾ കൂടുതൽ അഭിനന്ദനം ഞാൻ അവനു അപ്പോൾ കൊടുത്തു.
'ഇനി അവൾക്ക് ജോലിക്കു കയറാം അല്ലേ . നിങ്ങളുടെ വരുമാനവും മെച്ചപ്പെടുമല്ലോ' എന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ മറുപടി " ഇല്ല മാഡം ഞാൻ അവൾക്ക് ഈ വര്ഷം പോസ്റ്റ് ബേസിക് BSc നഴ്സിംഗ് നു അഡ്മിഷൻ എടുത്തു. സ്വന്തം ആയി പൈസ ഒക്കെ സമ്പാദിച്ച് അവളുടെ ഇഷ്ടത്തിന് സന്തോഷത്തോടെ ജീവിക്കട്ടെ"
#Theeautifulpeoplearoundme
കുറച്ച് നാൾ മുന്നേ കോളേജിന്റെ ഇടനാഴിയിൽ വച്ച് ഗർഭിണിയായ ഒരു കുട്ടിയെ കണ്ടപ്പോൾ ഞാൻ ചിന്തിച്ചത്:
'പഠിത്തം ഒക്കെ കഴിഞ്ഞിട്ട് പോരെ കല്യാണവും പ്രസവവും ഒക്കെ'.
വാസ്തവം:
പ്ലസ് ടു കഴിഞ്ഞു പഠിത്തം നിർത്തിയ, വലിയ ലക്ഷ്യബോധം ഒന്നും ഇല്ലാതിരുന്ന പെൺകുട്ടിയെ കല്യാണം കഴിച്ച പങ്കാളി അവൾക്ക് വേണ്ടി സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയത്
Comments
Post a Comment