പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ




പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ 

ബാലറ്റ് പേപ്പർ കിട്ടുമ്പോൾ 

@#$%^&*@#$%^&@#^&

അതാണ് നമ്മുടെ അടയാളം 


ആദ്യമായി  എന്റെ ശബ്ദം മൈക്കിലൂടെ പുറത്ത് വന്നത് ഈ വരികൾ ആയാണ്.   ഞാൻ പോലും അറിയാതെ ഞാൻ  ഒരു രാഷ്ട്രീയ പട്ടിയുടെ പ്രചാരണത്തിൽ പങ്കു ചേരുകയായിരുന്നു അന്ന് എന്ന തിരിച്ചറിവ് ഇന്നാണുണ്ടായത്. 

ആ ഇലക്ഷന് പോലീസ് ക്വാർട്ടേഴ്സിനു സമീപമുള്ള പറമ്പിൽ ആ പാർട്ടിയുടെ പ്രചാരണ പന്തൽ ഉണ്ടായിരുന്നു. അവിടുന്ന് മൈക്കിലൂടെ അന്നൗൺസ്‌മെന്റ്, പ്രസംഗം,  പ്രചാരണ പാരഡി ഗാനങ്ങൾ ഒക്കെ കേട്ടു കൊണ്ടേയിരുന്നു. ബന്ധുക്കൾ ആയ ചില പാർട്ടി പ്രവർത്തകരും അവിടെ ഇടയ്ക്കു വന്നിരുന്നു. അങ്ങനെയുള്ള ഒരു ദിവസം അവർക്കു ഒരു ചെറിയ കുട്ടിയുടെ സ്വരം അവതരിപ്പിക്കാനുള്ള തോന്നൽ ഉണ്ടാവുകയും ഞാൻ ശ്രദ്ധയിൽ  പെടുകയും ചെയ്തു. 

'മൈക്കിലൂടെ പാട്ട് പാടാമോ' എന്ന ചോദ്യം എന്നിൽ  ആഹ്ലാദവും അഭിമാനവും ഒക്കെ ഉണ്ടാക്കി. ആദ്യമായിട്ട് മൈക്ക് ഉപയോഗിക്കുന്നതിന്റെ ഉത്കണ്ഠ ഒന്നും അന്ന് ഉണ്ടായില്ല. അവിടെയുള്ള ചേട്ടന്മാർ നാല് വരി എഴുതി, ഈണം ഒക്കെ പറഞ്ഞു തന്നു. മൂന്നു നാല് തവണ റിഹേഴ്സൽ ചെയ്തു  പഠിച്ചു. പിന്നെ മൈക്കിന് മുന്നിൽ ഒരു കാച്ചായിരുന്നു. ആ ദിവസം അന്നൗൺസ്‌മെന്റുകൾക്കിടെ, പാട്ടുകൾക്കിടെ കുറെ തവണ എന്റെ കുട്ടി ശബ്ദവും ഉയർന്നു വന്നു. 

ഈ കലാപരിപാടി ഒരു തവണയേ അരങ്ങേറിയുള്ളൂ.   പപ്പ സമ്മതിച്ച്‌ കാണാൻ വഴിയില്ല. അന്ന് പപ്പയും മമ്മിയും വീട്ടിൽ ഇല്ലാതിരുന്ന സമയം ആണ് അന്ന് ഇത് സംഭവിച്ചത്. അങ്ങനെ എന്റെ മൈക്കിന് മുന്നിലുള്ള കലാപ്രകടനം തുടരാതെ  പോയി. 

എന്റെ ആദ്യത്തെ (അവസാനത്തെയും) ഇലക്ഷൻ പ്രചാരണം ഓർമിപ്പിച്ചു കൊണ്ട് ഒരു ഇലക്ഷൻ കാലം കൂടി കടന്നു പോയി. ഇത്തവണ ലീവ് എടുത്ത് വീട്ടിൽ ഇരിക്കുന്ന സമയം ആയത് കൊണ്ട് ഓർമ്മകൾ ഒക്കെ ആവോളം അയവിറക്കാനുള്ള സമയവും കിട്ടി. 

ഇനി വോട്ട് ചെയ്യാൻ പോകാം.  

ഈ കഥയിലെ പൊളിറ്റിക്കൽ പാർട്ടി ആരെന്നു മനഃപൂർവം പറയാത്തത് ആരുടേയും സമ്മതിദാനാവകാശം സ്വാധീനിക്കാൻ ഉദ്ദേശം ഇല്ലാത്തത് കൊണ്ടും, എന്നും ഒരു പാർട്ടിയുടെ ഭാഗമായി വോട്ടു ചെയ്യന്നവരുടെ കൂടെ അല്ലാത്തത് കൊണ്ടുമാണ്. നിലവിലെ രാഷ്ര്ടീയ സാഹചര്യങ്ങൾക്കും, മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്കും അനുസരിച്ച് വോട്ട് മാറി മാറി ചെയ്തു ഇലക്ഷന്റെ ഗതി നിർണ്ണയിക്കുന്ന ആ ശതമാനത്തിൽ ആണ് ഞാനും. 


Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ