കാണാതായ പെൺകുട്ടി
രാവിലെ ബ്രേക്ഫാസ്റ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ മേഘ്‌നയോടു പറഞ്ഞു.
"ഞാൻ ഇന്നൊരു പോസ്റ്റ് എഴുതാൻ പോവുകയാണ്. ടൈറ്റിൽ 'കാണാതായ പെൺകുട്ടി"
"ആരെക്കുറിച്ച് ?"
"എന്നെ കുറിച്ച് തന്നെ"
"ഓഹ്! പണ്ട് കാട്ടിൽ കുരങ്ങൻ്റെ കൂടെ പോയ കഥ!"
"അതല്ല. ഒരു ദുഃഖവെള്ളി ദിവസം എന്നെ കാണാതായ കഥ"
"അയ്യോ.. ഇപ്പൊ പറയല്ലേ... പോസ്റ്റ് ചെയ്തു കഴിഞ്ഞു തെറ്റുണ്ടോ എന്ന് നോക്കാൻ വായിക്കാനും പറയരുത്
"
അവളെ പറഞ്ഞിട്ടു കാര്യമില്ല. എല്ലാ ദുഖവെള്ളിയും ഈ കഥ രണ്ടു വേർഷൻ അവൾ കേൾക്കാറുണ്ട്. എന്റെ വേർഷനും മമ്മിയുടെ മെലോഡ്രാമ വേർഷനും. ഈ വർഷത്തെ ഓർമ്മ പുതുക്കൽ ഇവിടെ കൂടി ആവട്ടെ.
കാണാതായ പെൺകുട്ടി
കാലം അല്പം പഴയതാണ് . നാലാം ക്‌ളാസ്സിലെ വെക്കേഷൻ. മൂന്നാം ക്ലസ്സിനും നാലാം ക്ലസ്സിനും ഇടക്കുള്ള വെക്കേഷൻ ആണെന്ന് തോന്നുന്നു. കോട്ടയം ഈസ്റ്റ് പോലിസ് ക്വാർട്ടേഴ്സിൽ ആണ് അന്ന് താമസം. മമ്മി കോട്ടയത്തും പപ്പ എറണാകുളത്തും ജോലി ചെയ്യുന്ന കാലം. ആശ എന്നെക്കാളും അഞ്ചു വയസ്സ് ഇളയത് ആയതു കൊണ്ട് ഒരു മൂന്നു വയസ്സ് കാണും. കന്നിയമ്മയും പൊന്നമ്മയും വീട്ടിൽ ഉണ്ട്. പപ്പയുടെ 'അമ്മ കന്നിയമ്മ സ്ട്രോക്ക് വന്നു കിടപ്പിലാണ് . മമ്മിയുടെ 'അമ്മ പൊന്നമ്മ കൂട്ട് നിൽക്കാൻ വന്നതാണ്. ഒന്ന് വീണു കാൽ ഓടിച്ചു അദ്ദേഹവും ഇരുപ്പിൽ ആണ്.
അങ്ങനെയുള്ള ഒരു ദിവസം രാവിലെ പൊന്നമ്മക്ക് ഒന്ന് മുറുക്കാൻ തോന്നി. പപ്പയും മമ്മിയും ജോലിക്ക് പോയിരിക്കുകയായിരുന്നു അപ്പോൾ. എന്റെ കൈയിൽ പൈസ തന്നിട്ട് കുറച്ചു മുറുക്കാൻ വാങ്ങി വരാൻ പറഞ്ഞു. ക്വാർട്ടേഴ്സിനോട് ചേർന്ന റെയിൽവേ കോളനിയിൽ ചെറിയ മുറുക്കാൻ കടയുണ്ട്. മമ്മി മുറുക്കാൻ വാങ്ങി കൊടുക്കാത്തത് കൊണ്ടാണോ അതോ തീർന്നു പോയത് കൊണ്ടാണോ എന്നോട് വാങ്ങി വരാൻ പറഞ്ഞത് എന്ന് എനിക്ക് എന്നറിയില്ല.
എന്തായാലും തനിയെ കടയിൽ പോകാൻ വന്ന അവസരം എന്നെ ഉൽസാഹവതിയാക്കി. ഇട്ടിരുന്ന ഉടുപ്പ് ഇട്ടു തന്നെ ഞാൻ കടയിലേക്ക് ഇറങ്ങി. ഓമനയാൻ്റി തയ്ച്ച് തന്ന ഓഫ് വൈറ്റ് കളറുള്ള ഉടുപ്പാണ് അന്ന് ഇട്ടിരുന്നത്.
അഞ്ചു മിനിറ്റിനുള്ളിൽ തിരിച്ചെത്തേണ്ട ഞാൻ അര മണിക്കൂർ ആയിട്ടും വരാതായപ്പോൾ പൊന്നമ്മ വിഷമിച്ചു തുടങ്ങി. അധികം വൈകാതെ മമ്മിയും എത്തി. ഞാൻ പോയ കടയിലും അയല്പക്കത്തും ഒക്കെ എന്നെ അന്വേഷിച്ചു കാണാതായപ്പോൾ സംഗതി കൂടുതൽ സീരിയസ് ആയി. മമ്മി കരഞ്ഞു തുടങ്ങി. പൊന്നമ്മയെ വഴക്കും പറഞ്ഞു. പൊന്നമ്മയും കന്നിയമ്മയും കരഞ്ഞു തുടങ്ങി. അയൽക്കാർ ഒക്കെ വന്നു. അടുത്തതുള്ള വീടുകളിലും പോകാൻ സാധ്യത ഉള്ള കൂട്ടുകാരുടെ വീടുകളിലും ഒക്കെ വീണ്ടും വീണ്ടും അന്വേഷിച്ചു.
പോലീസുകാരും തിരച്ചിൽ തുടങ്ങി. കോളനി ഒക്കെ അരിച്ചു പെറുക്കി അന്വേഷിച്ചു. പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലും ഒക്കെ ആള് പോയി. വീട്ടിൽ ആള് കൂടി. ആകെ പിരി മുറുക്കം. കരച്ചിൽ ബഹളം. ആരെങ്കിലും പിടിച്ചുകൊണ്ട് പോയി എന്ന നിഗമനത്തിൽ അന്വേഷണം തുടർന്നു.
ഉച്ച കഴിഞ്ഞ് ജോലി കഴിഞ്ഞു തിരിച്ചെത്തിയ വിശ്വൻ അങ്കിൾ അപ്പോഴാണ് വിവരം അറിഞ്ഞത്. അദ്ദേഹം പോലീസ് ആണ്. ഞങ്ങളുടെ അയൽവക്കവും ആണ്. 'അമ്പിളി മോളെ മുട്ടംബലം ക്വാർട്ടേഴ്സിൽ കണ്ടപോലെ. ഒന്ന് നോക്കിയിട്ട് വരാം" എന്ന് പറഞ്ഞ് വിശ്വൻ അങ്കിൾ സൈക്കിളും എടുത്ത് ഇറങ്ങി. കോട്ടയത്ത് പോലീസ് ക്വാർട്ടേഴ്സ് രണ്ടു ക്യാമ്പസ് ആയി KK റോഡിന് ഇരുവശവും ആണ് ഉള്ളത്. കലക്ടറേറ്റിനു അടുത്തുള്ള ഞങ്ങൾ താമസിക്കുന്ന ഈസ്റ്റ് പോലീസ് ക്വാർട്ടേഴ്സും മറുവശത്ത് ഉള്ള മുട്ടമ്പലം ക്വാർട്ടേഴ്സും.
അങ്കിൾ മുട്ടംബലം ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഞാൻ അവിടെ കളിച്ച് കൊണ്ടിരിക്കുകയാണ്. മമ്മിയുടെ ബന്ധു ആയ പ്രതാപൻ അങ്കിളിൻ്റെ ക്വാർട്ടേഴ്സ്ന് മുന്നിൽ അങ്കിളിൻ്റെ മോൾ ആശയുടെ കൂടെ.
വിശ്വൻ അങ്കിൾ വേഗം അൻ്റിയോട് എന്നെ കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞ് എന്നെയും കോണ്ട് വീട്ടിലേക്ക്. അന്നേരം എനിക്ക് ടെൻഷൻ വന്നു തുടങ്ങി. വീട്ടിൽ ചെല്ലുമ്പോൾ കിട്ടാൻ ഇടയുള്ള അടിയുടെ കാര്യം ഓർത്ത് കരച്ചിലും വരാൻ തുടങ്ങി.
കുരുത്തക്കേട് കാണിച്ച് തുടങ്ങുമ്പോൾ വരും വരായക്കളെ കുറിച്ച് ചിന്തിക്കാറില്ലല്ലോ. ശരിക്കും അത് കുരുത്തക്കേട് ആയിരുന്നോ. Now I realise it was an initial manifestation of my irresistible urge to walk and explore.
പൊന്നമ്മ കടയിൽ പോയി വരാൻ പറഞ്ഞപ്പോൾ കട വരെ തനിച്ച് നടക്കാൻ ഉള്ള സന്തോഷം. ആ കട അടഞ്ഞ് കടന്നത് കണ്ടപോൾ അടുത്ത കട വരെ പോകാൻ ഉള്ള തോന്നൽ. അതും തുറക്കഞ്ഞത് കണ്ടപ്പോൾ വീണ്ടും നടക്കാനുള്ള തോന്നൽ. റെയിൽവേ ട്രാക്കിന് പാരലൽ ആയുള്ള കോളനി വഴിയിലൂടെ KK റോഡിൻ്റെ വശത്തേക്ക്. എവിടെയൊക്കെ കാണാൻ ഉള്ള കൗതുകം ആയിരുന്നു അന്ന്. ആദ്യമായി ആണ് കൊളനി വഴിയിലൂടെ നടക്കുന്നത്. ആ വഴി KK റോഡിൽ എത്തുമോ എന്ന് എനിക്ക് അറിയണമായിരുന്നു.
അങ്ങനെ ഞാൻ ആ വഴി KK റോഡിൽ എത്തും എന്ന് കണ്ടെത്തി. മെയിൻ റോഡിൽ എത്തിയപ്പോൾ റോഡിലൂടെ നടക്കാൻ തോന്നി. ആദ്യമായി ആണ് മെയിൻ റോഡിൽ തനിച്ച് നടക്കുന്നത്. ആ നടത്തം ഞാൻ നന്നായി ആസ്വദിച്ചു. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ ഭാഗത്ത് നിന്നും കലക്ടറേറ്റിൻ്റെ ഭാഗത്തേക്ക് നടത്തം തുടർന്നു. പള്ളിയിൽ നിന്നും വരുന്ന ആളുകളൊക്കെ റോഡിൽ നിറയെ ഉണ്ടായിരുന്നു.
മുട്ടംബലം ക്വാർട്ടേഴ്സിലേക്ക് ഒന്ന് നടന്നാലോ എന്ന തോന്നൽ എപ്പോൾ ഉണ്ടായി എന്നറിയില്ല. അവിടേക്ക് പപയുടെയും മമ്മിയുടെയും കൂടെ പലതവണ പോയിട്ടുണ്ട്. രണ്ടു ബന്ധുക്കൾ അവിടെയുണ്ട്. കുറച്ച് ദിവസം മുന്നേ പ്രതാപൻ അങ്കിളും ആശയും വീട്ടിൽ വന്നിരുന്നു. അന്ന് ഞങ്ങൾ കുറെ നേരം കളിച്ചു. അതാവണം ആശയുടെ വീട്ടിൽ പോകാനുള്ള തോന്നൽ ഉണ്ടാക്കിയത്.
കളി രസം പിടിച്ച് തുടങ്ങിയാൽ പിന്നെ എല്ലാം മറക്കുമല്ലോ. അന്നും അതാണ് സംഭവിച്ചത്. ഊണ് വിളമ്പുന്ന സമയം ആൻ്റി ചോദിച്ചിരുന്നു വീട്ടിൽ പറഞ്ഞിട്ട് അല്ലേ വന്നത് എന്ന്. ഒന്നും നോക്കാതെ അതേ എന്ന് പറഞ്ഞു. വേഗം ഊണ് കഴിച്ചിട്ട് കളിക്കാനുള്ള ത്വര ആയിരുന്നു അപ്പോൾ.
ഊണ് കഴിഞ്ഞു വീണ്ടും കളി രസം പിടിച്ച് വന്ന സമയത്താണ് വിശ്വൻ അങ്കിൾ വന്നതും എന്നെ തിരിച്ച് കൊണ്ട് വന്നതും. അപ്പോൾ സമയം ഏകദേശം മൂന്നു മണി ആയിക്കാണും. ഞാൻ രാവിലെ പൊന്നതാണല്ലോ വീട്ടിൽ അന്വേഷിക്കൂമല്ലോ എന്ന ബോധം ഒക്കെ വന്നു തുടങ്ങി.
വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് നിറയെ ആൾക്കൂട്ടം. മമ്മി കരഞ്ഞ് അവശയായി ഇരിക്കുന്നുണ്ട്. ഞാൻ ഒന്നും മിണ്ടാതെ കിട്ടാൻ പോകുന്ന അടി പ്രതീക്ഷിച്ചു നിന്നു. പക്ഷേ ആരും എന്നെ വഴക്കു പറഞ്ഞില്ല. എങ്ങനെ പോയി എന്തിന് പോയി തുടങ്ങിയ ചോദ്യങ്ങൾ ഒക്കെ വീണ്ടും വീണ്ടും വന്നു. ഞാൻ എന്തൊക്കെയോ പറഞ്ഞു.
ഇനി പപ്പ വരുമ്പോൾ അടി കിട്ടുമല്ലോ എന്ന പിരിമുറുക്കത്തിൽ സമയം കടന്നു പോയി. പക്ഷേ പപ്പയും എന്നെ വഴക്കു പറഞ്ഞില്ല. അടിയും തന്നില്ല. സ്നേഹത്തിൽ സംസരിച്ചതെയുള്ളൂ.
ദിവസവും കാണിക്കുന്ന വികൃതികൾക്ക് കൈയിൽ കിട്ടുന്നത് കൊണ്ട് മമ്മിയുടെ കൈയിൽ നിന്നും കപ്പ ഇലയുടെ ചുവന്ന തണ്ട് കൊണ്ട് പപ്പയുടെ കയിൽ നിന്നും മിക്കവാരും അടി കിട്ടുന്ന ശീലം ആയിരുന്നു അന്ന്.
വിശ്വൻ അങ്കിൾ എന്നെ കൊണ്ടു പോന്നത് മുതൽ വൈകിട്ട് വരെ എനിക്കുണ്ടായ പേടിയും പിരിമുറുക്കവും തന്നെ ധാരാളം എന്ന് അവർ കരുതിയിട്ടുണ്ടാവും. പിന്നെ നഷ്ടപെട്ടു എന്ന് കരുതിയത് തിരിച്ചു കിട്ടിയ ആശ്വാസവും.
പക്ഷേ എല്ലാ ദുഃഖവെള്ളിയും മമ്മി ഈ കഥ ആവർത്തിക്കും.
അന്ന് അത്രയും പ്രശ്നം ഒക്കെ ഉണ്ടാക്കിയ ഞാൻ കിടു ആണെന്ന് ഞാനും പറയും.

Comments
Post a Comment