Film Review 5: Thappad




നമ്മുടെ ചുറ്റും കാണുന്ന സ്ത്രീകൾ, 

അവരിൽ ചിലരിലേക്ക്   ക്യാമറ ഫോക്കസ് ചെയ്യുമ്പോഴാണ്  'തപ്പട് ' ആവുന്നത്.

 'തപ്പട്' അഥവാ അടി'
 വെറും ഒരു 'അടി' ഉണ്ടാക്കിയ  കഥയാണ്   'തപ്പട്'

ഒരു പ്രത്യേക സാഹചര്യത്തിൽ അമൃതയെ (തപ്‌സി പന്നു ) ഭർത്താവായ വിക്രം ( പാവൈൽ ഗുലാത്തി) അടിക്കുന്നതും അതെ തുടർന്ന്,  പൊതുവേ സന്തോഷകരമായ ദാമ്പത്യം നയിച്ചിരുന്ന അവർ  ഡിവോഴ്സിലേക്ക് നീങ്ങുന്നതും ആണ് സിനിമയുടെ ഇതിവൃത്തം. ഒപ്പം അമൃതയുടെ ചുറ്റും ഉള്ള സ്ത്രീ ജീവിതങ്ങളിൽ സംഭവിക്കുന്നതും.

ഇവിടെ ഉയരുന്ന രണ്ടു ചോദ്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്
  1.  വിക്രം എന്തിനു അമൃതയെ അടിച്ചു?
  2.  ഒരു അടിയുടെ (ഒരേ ഒരു അടി) പേരിൽ അമൃത എന്തിനു ഡിവോഴ്സ് ആവശ്യപ്പെടുന്നു? 

വിക്രം എന്തിനു അമൃതയെ അടിച്ചു? 

വിക്രം എന്തിനു അമൃതയെ അടിച്ചു എന്നതിന്റെ കാരണം എല്ലാവർക്കും വ്യക്തമാണ്. കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന വിക്രം  വളരെയധികം  കഠിനാധ്വാനം ചെയ്തിട്ടാണ്   അവൻ  ആഗ്രഹിച്ച,  പ്രൊമോഷനോട് കൂടിയുള്ള,   ലണ്ടനിലെ പോസ്റ്റ് കിട്ടുന്നത്.  ആ സന്തോഷം ആഘോഷിക്കാനായിരുന്നു അന്ന്  വൈകിട്ട് വീട്ടിൽ നടത്തിയ പാർട്ടി.  പാർട്ടിക്കിടയിൽ വിക്രമിന് ഒരു ഫോൺ കോൾ വരികയും അവന് പ്രൊമോഷൻ ലഭിക്കുന്നില്ല എന്ന് അറിയുകയും ചെയ്യുന്നതോടെ അവൻ ആകെ അസ്വസ്ഥമാവുകയും പാർട്ടിയിൽ പങ്കെടുത്തിരുന്ന സീനിയർ ഓഫീസറോട് തട്ടിക്കയറുകയും  ചെയ്യുന്നു. അതിനിടയിൽ പിടിച്ചു മാറ്റാൻ ചെന്ന അമൃതയെ അന്നേരത്തെ വികാര വിക്ഷോഭത്തിൽ കരണത്ത് അടിക്കുകയാണുണ്ടായത്. വിക്രം അടിച്ചതിന്റെ കാരണം എല്ലാവര്ക്കും വ്യക്തമാണ്. 

ഒരേ ഒരു അടിയുടെ  പേരിൽ അമൃത എന്തിനു ഡിവോഴ്സ് ആവശ്യപ്പെടുന്നു?  

വളരെ സന്തോഷത്തോടെയാണ് അതുവരെയുള്ള ജീവിതം  സ്നേഹമുള്ള ഭർത്താവിനോടും അമ്മായിഅമ്മയോടും ഒപ്പം അമൃത  മുന്നോട്ടു കൊണ്ടുപോയിരുന്നത്.  " ലോകത്തിലെ ഏറ്റവും നല്ല  ഹൗസ് വൈഫ് ആകണം എന്നാണ് കല്യാണം കഴിയുമ്പോൾ  ആഗ്രഹിച്ചത്"  എന്ന് അവസാനം അവൾ പറയുന്നുമുണ്ട്. 
അതുകൊണ്ട് തന്നെ വിക്രമിന്റെ കൊച്ചു കൊച്ചു കാര്യങ്ങൾ  പോലും  ശ്രദ്ധിച്ച്,  അമ്മയെയും നന്നായി പരിചരിച്ച്, വിക്രമിന്റെ സ്വപ്നങ്ങൾ തന്റെയും സ്വപ്നങ്ങളാക്കി അവൾ ജീവിച്ചു. സാധാരണ ഇന്ത്യൻ പെൺകുട്ടികൾക്കു സംഭവിക്കുന്നത് പോലെ അവളുടെ ഇഷ്ടങ്ങളും അവൾക്കു ജീവിതത്തിൽ എന്താണ് വേണ്ടിയിരുന്നതും എന്നൊക്കെ അവൾ മറന്നിരുന്നു. 
Review: Bollywood movie 'Thappad' | Bollywood – Gulf News
അങ്ങനെ മുന്നോട്ടു പോയിരുന്ന ജീവിതത്തിൽ ആണ്  ആ 'അടി'  സംഭവിക്കുന്നത്. 

തീരെ പ്രതീക്ഷിക്കാതിരുന്ന  ആ സംഭവത്തിന്റെ ആഘാതത്തിൽ മുറിയിലെത്തി മരവിച്ചിരുന്ന  അമൃതയെ വിക്രമിന്റെ ചേട്ടന്റെ ഭാര്യ ആശ്വസിപ്പിക്കുന്നത്  "വിക്രം വളരെ ടെന്ഷനിലായിരുന്നു. അവൻ നന്നായി കുടിച്ചിട്ടും ഉണ്ടായിരുന്നു"  എന്ന് പറഞ്ഞാണ്. 'അടിച്ചത് ശരിയല്ല എങ്കിലും ആ സാഹചര്യം കണക്കിലെടുത്ത് അത് ക്ഷമിക്കാവുന്നതാണ്'. ഈയൊരു കാര്യത്തിൽ സമൂഹത്തിൽ ഉണ്ടാകാനിടയുള്ള പ്രതികരണം ആ മുറിയിൽ തന്നെ നടന്നു കഴിഞ്ഞു.   

കുറച്ചു കഴിഞ്ഞ് അമ്മായിഅമ്മ വന്നു ശാന്തമായി പറയുന്നത്  "ഇത് കുടുംബകാര്യമാണ്. അതിഥികളുണ്ട്, പുറത്തേക്കു വരൂ" എന്നാണ്. പിറ്റേന്ന് വിക്രം പറയുന്നത് "അന്നേരം നീ ഇടയ്ക്കു വന്നപ്പോൾ എല്ലാ ദേഷ്യവും നിന്നിലേക്കായി പോയി" എന്നും. "ഇതൊക്കെ ജീവിതത്തിൽ നടക്കുന്നതാണ്" എന്ന് പിന്നീടും.  പെണ്ണുങ്ങൾ കുടുംബ ഭദ്രതക്ക് വേണ്ടി പലതും സഹിക്കേണ്ടവർ ആണെന്ന് അമൃതയുടെ അമ്മയും പറയുന്നുണ്ട്. 

ഇത്രയും നല്ല ഒരു ജീവിതത്തിൽ ഒരു അടി മറക്കാവുന്നതാണ് എന്നതാണ്  സാമൂഹ്യബോധം.  വിക്രമിന്റെ അപ്പോഴത്തെ മാനസികാവസ്ഥ, മദ്യപിച്ചിരുന്നത്, കുടുബമഹിമ, മറ്റെല്ലായിപ്പോഴും ഉണ്ടായിരുന്ന സ്നേഹം, ഉണ്ടായേക്കാവുന്ന അഭിമാനക്ഷതം ഇവയൊക്കെ അമൃതക്ക് ക്ഷമിക്കാനുള്ള കാരണമായി അവർ കാട്ടി കൊടുക്കുന്നുമുണ്ട്.

പക്ഷെ ഈ സാമൂഹ്യബോധ്യത്തിനിടയിലും  അമൃതക്ക് അതിനോട് പൊരുത്തപ്പെടാൻ ആവുന്നില്ല.    അടിക്കു  ശേഷം  അതുവരെ  കാണാതിരുന്ന പലതും അവൾ കണ്ടു തുടങ്ങി എന്ന് അവൾ തന്നെ പറയുന്നുണ്ട്. പ്രധാനമായും തനിക്ക് ലഭിച്ചിരുന്ന പരിഗണന.  അന്ന് രാത്രി  പിരിമുറുക്കം കൊണ്ട് ഉറങ്ങാനാവാതെ പാർട്ടി കഴിഞ്ഞു അലങ്കോല പെട്ട് കിടക്കുന്ന വീട് നേരെയാക്കുന്ന അമൃതയുട്  അമ്മായി അമ്മ ചോദിക്കുന്നത് സുനിത ( വീട്ടു വേലക്കാരി) വന്നിട്ടു ചെയ്യാമായിരുന്നല്ലോ എന്നാണ്. എന്നത്തേയും പോലെ പിറ്റേന്ന് രാവിലെ ഗ്ലുക്കോമീറ്ററിൽ ബ്ലഡ് ഷുഗർ പരിശോദിക്കാനെത്തിയ അമൃതയോട് അവർ ചോദിക്കുന്ന ഒരേ ഒരു ചോദ്യം 'വിക്രം ഉറങ്ങിയോ' എന്നും.  വിക്രമാകട്ടെ അവന്റെ  പ്രൊമോഷൻ പോയതിലുമുള്ള വിഷമം മാത്രം പ്രകടിപ്പിക്കുന്നു. അമൃത സ്വന്തം വീട്ടിലേക്കു പോകുമ്പോൾ അവനെ വിഷമിപ്പിക്കുന്നത്  'മറ്റുള്ളവർ എന്ത് വിചാരിക്കും, ഇവിടുത്തെ കാര്യങ്ങൾ എങ്ങനെ നടന്നു പോകും' എന്നതൊക്കെയാണ്. അവളുടെ വികാരങ്ങൾക്കും അന്തസ്സിനും മൂല്യം കല്പിക്കാത്തത് തന്നെയാണ് അവളെ വിഷമിപ്പിക്കുന്നതും. കുറച്ച് ദിവസം കഴിഞ്ഞു വരാം എന്ന്  വീട്ടിലേക്കു പോയ അമൃതയോടു വിക്രം പെരുമാറുന്ന രീതിയും ഇതിനു ആക്കം കൂട്ടുന്നു.

ജീവിതത്തിൽ തനിക്ക് ഏറ്റവും പ്രധാനമായി  വേണ്ടിയിരുന്നത് 'ബഹുമാനം', 'സന്തോഷം'  എന്നീ രണ്ടു കാര്യങ്ങൾ ആണെന്നും അവൾക്ക് ആ സമയത്താണ് ഓർമ്മ വരുന്നത്.  ഇത് രണ്ടും ലഭിക്കാത്ത  ജീവിതത്തിൽ തുടരേണ്ട എന്നാണ് അവൾ അവസാനം  തീരുമാനിക്കുന്നത്. അങ്ങനെ ഒരു തീരുമാനം എടുക്കാൻ അമൃതക്ക് കഴിഞ്ഞതിനു ഒരു കാരണം അവളുടെ വീട്ടിലെ അന്തരീക്ഷമാണ്.   അതുവരെയുള്ള അവളുടെ ജീവിതം അമ്മയിൽ നിന്ന് ഉൾക്കൊണ്ട ഒരു കുടുംബിനി എന്ന നിലയിലുള്ള മൂല്യങ്ങൾക്ക് അനുസരിച്ചായിരുന്നു.  ആ വേഷത്തിന്റെ ഒഴുക്കിനു തടസ്സം നേരിട്ടപ്പോഴാണ് അമൃത എന്ന വ്യക്തി പ്രകടമായായത്. അച്ഛനിൽ നിന്ന് ഉൾകൊണ്ട സ്നേഹം, ബഹുമാനം, സ്വാഭിമാനം, സന്തോഷം തുടങ്ങിയ വ്യക്തി മൂല്യങ്ങളിൽ അധിഷ്ഠിതമായിരുന്നു  അവളുടെ പിന്നീടുള്ള  തീരുമാനങ്ങൾ.  ഇതിൽ എല്ലാം ഉപരി അച്ഛൻ നൽകിയ ആത്മവിശ്വാസവും. ആ ഒരു ആത്മവിശ്വാസക്കുറവ് കൊണ്ട് കൂടിയാണ് മിക്കവാറും സ്ത്രീകൾക്ക് സാഹചര്യങ്ങളോട് വ്യവസ്ഥപ്പെട്ടു ജീവിക്കേണ്ടി വരുന്നത്.

തീരുമാനങ്ങൾ   വ്യക്തിപരമാണ്. അതിന്റെ ശരി തെറ്റുകൾ സാഹചര്യങ്ങൾക്ക് ആണ് സരിച്ചും. സ്വന്തം വ്യക്തിത്വത്തിനും മൂല്യങ്ങൾക്കും അനുസരിച്ചു തീരുമാനം എടുക്കാനായത് അമൃതയുടെ ശരിയും, തന്റെ തീരുമാനങ്ങൾക്കു ഒപ്പം നിൽക്കാൻ കുറച്ചു പേര്  ചുറ്റും ഉള്ളതു അവളുടെ ശക്തിയും!

അമൃതക്ക് ചുറ്റും ഉള്ളവരായ വിക്രം, വിക്രമിന്റെ 'അമ്മ, വീട്ടുജോലിക്കാരി സുനിത, അമൃതയുടെ അച്ഛനും അമ്മയും അനിയനും നാത്തൂനും, അമൃതയുടെ വക്കീൽ നേത്ര, അയൽക്കാരി ആയ ശിവാനിയും അവരുടെ മകളും,   സുനിതയുടെയും നേത്രയുടെയും ഭർത്താക്കന്മാർ, വിക്രമിന്റെ വീട്ടുകാരും വക്കീലും എല്ലാവരും സമൂഹത്തിന്റെ ഒരു പരിശ്ചേദം ആയാണ് നമ്മുടെ മുന്നിൽ അവതരിക്കപ്പെടുന്നത്.

സന്ധ്യ (അമൃതയുടെ  അമ്മ) 
മകൾ ഭർത്താവിന്റെ വീട്ടിൽ നിന്നും വന്നതിൽ ഏറ്റവും അസ്വസ്ഥ ആകുന്നതു സന്ധ്യയാണ്.  നന്നായി പഠിപ്പിക്കുകയും നല്ല വീട്ടിലേക്ക് വിവാഹം കഴിച്ചയക്കലും ചെയ്തതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്വം നിറവേറ്റി  എന്നും ബാക്കി എല്ലാം നോക്കേണ്ടത് അമൃത ആണെന്നും ആണ് അവരുടെ കാഴ്ചപ്പാട്. കൂടാതെ സമൂഹം എന്ത് കരുത്തുമെന്നു ഉള്ള ചിന്തയും.  കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ  വീടാണ് സ്വന്തം വീട് എന്നും, കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് പെണ്ണിന്റെ ചുമതലയാണെന്നും,  അതിനു വേണ്ടി സ്വന്തം ഇഷ്ടങ്ങളും വികാരങ്ങളും ഒക്കെ അടക്കിവച്ച് ജീവിക്കണം എന്നും എന്നൊക്കെയാണ് അവരുടെ വാദം.  

ഇങ്ങനെയുള്ള പ്രമാണങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടാവാം വളരെ അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭർത്താവായിട്ടു കൂടി സ്വന്തം ആഗ്രഹങ്ങൾ അവർ വേണ്ടാന്ന് വയ്ക്കുന്നത്. "നിന്റെ ആഗ്രഹങ്ങൾ മാറ്റി വയ്ക്കാൻ ഞാൻ എന്നെങ്കിലും പറഞ്ഞോ" എന്ന് ഭർത്താവ് ചോദിക്കുമ്പോൾ അവർ പറയുന്ന മറുപടി "നീ എന്താണ് പാടാത്തതു എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചോദിച്ചോ" എന്നാണ്.

ആഗ്രഹങ്ങൾ ഒക്കെ മാറ്റിവച്ചു കുടുംബത്തിന് വേണ്ടി ജീവിക്കാൻ പറഞ്ഞത് തന്റെ അമ്മയാണെന്നും, അമ്മയോട് അത് പറഞ്ഞത് അമ്മൂമ്മയാണെന്നും അവർ പറയുന്നുണ്ട്. അതു തന്നെ അവർ തന്റെ  മകളോടും പറയുന്നു. 

നേത്ര (അമൃതയുടെ വക്കീൽ)

സെലിബ്രേറ്റ് ചെയ്യപ്പെടുന്ന  ഒരു വക്കീലാണ് നേത്ര . പക്ഷെ അവളുടെ വിജയങ്ങൾ ഒക്കെയും തന്റെ അച്ഛന്റെ(ജസ്റ്റിസ് ജയ് സിംഗ് ) മരുമകൾ ആയത് കൊണ്ടും തന്റെ (പ്രശസ്ത ജേർണ ലിസ്റ് രോഹിത് ജയ് സിംഗ് ) ഭാര്യ ആയതു കൊണ്ടും കിട്ടിയ ആനുകൂല്യം ആണെന്നാണ് അവളുടെ ഭർത്താവ് കരുതുന്നതും കൂടെ കൂടെ പറയുന്നതും. ഓരോ തവണ അത് പറയുമ്പോഴും അവൾ അസ്വസ്ഥമാവാറും ഉണ്ട്. 

രോഹിതുമായുള്ള ദാമ്പത്യം തുടർന്ന് പോകാനുള്ള കാരണം തന്നെ തേടിക്കൊണ്ടിരിക്കുകയാണവൾ.  ഒരിക്കൽ ജേർണലിസ്റ് ഓഫ് ദി ഇയർ അവാർഡ് ചടങ്ങ്    കഴിഞ്ഞു കാറിൽ തിരിച്ചു വരുമ്പോൾ സംസാരത്തിനിടക്ക് നേത്ര പറയുന്നുണ്ട്  "രോഹിത്,  നിങ്ങളോടൊപ്പം എന്താണ് ചെയ്യുക എന്ന് എനിക്കറിയില്ല" എന്ന്  .  അപ്പോൾ അയാളുടെ മറുപടി  "എന്റെ ഭാര്യ ആയിരിക്കുന്ന പദവി ഉപയോഗിച്ച് എന്നെ പോലെ വിജയം കൈവരിക്കൂ" എന്നാണ്. 
 രോഹിതിനെക്കാൾ അവന്റെ അച്ഛനോടുള്ള സ്നേഹവും കടപ്പാടുമാണ് അവളെ അവിടെ പിടിച്ചു നിർത്തുന്നത് എന്നും വ്യക്തമാകുന്നുണ്ട്.

അമൃതയുടെ നാത്തൂന്റെ ബോസ് ആണ് നേത്ര.  വീട്ടിൽ തിരിച്ചു ചെല്ലാനുള്ള വക്കീൽ നോട്ടീസ് കിട്ടുമ്പോൾ  അവളാണ് അമൃതയെ നാത്തൂന്റെ അടുത്തേക്ക് കൂട്ടികൊണ്ടു പോവുന്നത്.  അമൃതയുടെ പ്രശനം കേൾക്കുമ്പോൾ നേത്രയും പ്രതികരിക്കുന്നത് " വെറും ഒരു അടി?!!"  എന്നാണ്.

സമൂഹത്തിന്റെ ഉയർന്ന തട്ടിൽ ജീവിക്കുന്ന ഔദ്യോദിക വിജയം കൈവരിച്ച സ്ത്രീകളുടെ അവകാശങ്ങൾക്കു  വേണ്ടി നിലകൊള്ളുന്ന നേത്രക്കു പോലും സ്വന്തം കുടുംബജീവിതത്തിൽ വിധേയപ്പെടേണ്ടി വരുന്നു എന്നുള്ളതാണ് വാസ്തവം.  പ്രമാദമായ ഒരു കേസിൽ വിജയിച്ചതിന്റെ വാർത്ത ടിവിയിൽ ആഘോഷിക്കപ്പെടുമ്പോൾ തന്നെ വീട്ടിൽ താല്പര്യമില്ലാതെ സെക്സിനു വഴങ്ങികൊടുക്കേണ്ടി വരുന്നത് ഒരു ഫ്രെയിമിൽ തന്നെ കാണിക്കുന്നുണ്ട്.

അവസാനം അവൾ വീട്ടിൽ നിന്ന് ഇറങ്ങുന്നത് സ്വാതന്ത്യത്തിലേക്കാണ്. അടച്ചിട്ട ഏസി  കാറിനുള്ളിൽ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്ന വീർപ്പുമുട്ടൽ മാറാൻ  ജനാലയുടെ ചില്ലു താഴ്ത്തി മുഖത്തേക്ക് കാറ്റടിക്കുമ്പോൾ കിട്ടുന്ന അനുഭൂതി ആസ്വദിക്കുന്നത് പോലെ ആണ് നേത്രക്ക് അവളുടെ സുഹൃത്ത് പ്രിയൻ. വീട്ടിലെ വീർപ്പുമുട്ടലിൽ  നിന്നും ഇറങ്ങുന്ന വിവരം പ്രിയനെ ഫോൺ ചെയ്തു അറിയിക്കുമ്പോൾ ഇനി തമ്മിൽ കാണില്ല എന്നും കൂടി അവൾ പറയുന്നുണ്ട്.

സ്വാതി (അമൃതയുടെ നാത്തൂൻ) 

അമൃതയുടെ ജീവിതത്തിലെ ശക്തമായ ഒരു സ്ത്രീ സാനിധ്യമാണ് സ്വാതി. സ്വന്തം അഭിപ്രായങ്ങളും ആത്മാഭിമാനവും ഉള്ള പെൺകുട്ടി.  അടി കിട്ടിയ ആഘാതത്തിൽ മുറിയിലേക്ക് പകപ്പോടെ നടക്കുന്ന അമൃതയെ എല്ലാവരും നോക്കി നിൽകുമ്പോൾ പുറകെ നടന്നു തുടങ്ങുന്നത് സ്വാതി മാത്രമാണ്. വിക്രം വളരെ ടെന്ഷനിലായിരുന്നു, നന്നായി കുടിച്ചിട്ടും ഉണ്ടായിരുന്നു, തുടങ്ങിയ ന്യായീകരങ്ങളോട് ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചതും അവളാണ്. അമൃതക്ക് വക്കീൽ നോട്ടീസ് വരുമ്പോൾ വക്കീലിന്റെ അടുത്ത് കൊണ്ട് പോകുന്നത് മുതൽ അവസാനം വരെ കൂടെയുണ്ട്.

സുനിത (വീട്ടു ജോലിക്കാരി) 

പകൽ മറ്റു വീട്ടിലെ ജോലി ചെയ്യുകയും,  വെയ്ക്കിട്ടു വന്നു സ്വന്തം വീട്ടിലെ ജോലി ചെയ്കയും, അമ്മായി അമ്മയുടെ ചീത്ത കേൾക്കുകയും, ചിലപ്പോൾ ഭർത്താവിന് മദ്യപിക്കാൻ കാശ് കൊടിക്കേണ്ടി വരികയും, രാത്രി തല്ല് കൊണ്ട് കിടന്നുറങ്ങേണ്ടി വരികയും ചെയ്യുന്ന സമൂഹത്തിലെ താഴേക്കിടയിലുള്ള സ്ത്രീകളുടെ പ്രതിനിധി ആണ് സുനിത. പക്ഷെ വഴക്കിടുമ്പോൾ തിരിച്ചു ഒച്ചയിടുക, ഇഷ്ടപെട്ട ടീവീ പ്രോഗ്രാം കാണുക, വീട്ടിലേക്കു വരുമ്പോൾ  വഴിവക്കിൽ  കുട്ടികളുടെ കൂടെ ഒന്ന് കളിക്കുക തുടങ്ങിയ സ്വാതന്ത്രങ്ങൾ ഒക്കെ അവൾ എടുക്കാറുണ്ട്.  അമൃതയുടെ ജീവിതത്തിൽ സംഭവിക്കുന്നത് അവളെ സ്വാധീനിക്കുന്നുണ്ട്. അവസാനം വിക്രം കൊടുക്കുന്ന അധിക ശമ്പളം വേണ്ടെന്നു വച്ച് ഇനി ജോലി ചെയ്യുന്നില്ല എന്ന തീരുമാനം ഭർത്താവിനെ  അറിയിക്കുകയും ചെയ്യുന്നു. പിന്നീടുള്ള ജീവിതം തനിക്കാവും വിധം ആസ്വദിച്ചു കഴിയുന്നു .



'അടി'  നടന്നതിന്റെ പിറ്റേന്ന് രാവിലെ "തനിക്കു മൂല്യം ലഭിക്കാത്തത് ജോലി സ്ഥലത്ത് തുടരുന്നതിൽ അർത്ഥമില്ല" എന്ന് വിക്രം പറയുമ്പോൾ അത് കേൾക്കുന്ന സുനിതയും അമൃതയും ഒരേ ഫ്രെമിൽ വരുന്ന ദൃശ്യം ശ്രദ്ധേയമാണ്.

ശിവാനി ജെയിംസ്  ( അയൽക്കാരി )

തൊട്ടടുത്ത വീട്ടിലാണ് ശിവാനിയും മകളും താമസിക്കുന്നത്. ഭർത്താവ് മരിച്ചെങ്കിലും അയാളെ കുറിച്ചുള്ള നല്ല ഓർമകളുമായി സന്തോഷത്തോടെ ജീവിക്കുന്നു. സ്വന്തമായി ഡ്രൈവ് ചെയ്തു   ജോലിക്കുപോയി അന്തസ്സോടെ ജീവിക്കുന്ന ശിവാനിയെ വിക്രമിന് സ്ത്രീകളോടുള്ള മനോഭാവം എടുത്ത് കാണിക്കുവാനാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്.  

ദിവസവും രാവിലെ  ശിവാനി  വീട്ടിൽനിന്നും ഇറങ്ങുന്ന സമയം തന്നെയാണ് വിക്രമും  ഇറങ്ങാറ്. 
ഒരുദിവസം  അവരുടെ പുതിയ വണ്ടി കണ്ട് വിക്രം അമൃതയോട് 'ഇവർ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് ചോദിക്കുന്നുണ്ട്'.  ശിവാനി ഡ്രൈവ് ചെയ്യുന്നത് കണ്ടു  'ഡ്രൈവിംഗ് പടിക്കട്ടെ,  എന്ന് ചോദിക്കുന്ന  അമൃതയോടു 'ആദ്യം പൊറോട്ട ഉണ്ടാക്കാൻ പഠിക്കൂ' എന്നും വിക്രം പറയുന്നുണ്ട്. 
അവസാനം അമൃതക്കെതിരെ  കള്ളസാക്ഷി പറയാൻ ശിവാനിയോട് വിക്രം ആവശ്യപ്പെടുമ്പോൾ   അവന്റെ മൂല്യങ്ങളും വ്യക്തമാവും.  

സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവും സന്തോഷത്തോടെ കാണപ്പെടുന്നത്   തനിച്ച് സ്വാതന്ത്രമായി ജീവിക്കുന്ന  ശിവാനിയാണ്.

സുലേഖ (വിക്രമിന്റെ 'അമ്മ) 

മകന്റെ കല്യാണം കഴിയുന്നതോടെ വീട്ടുകാര്യങ്ങളൊക്കെ മരുമകളെ ഏല്പിച്ച് പൂജയും മറ്റുമൊക്കെയായി കഴിഞ്ഞു കൂടുന്ന സാധാരണ ഒരമ്മ.  ഭാര്യയുടെ ജീവിതം സഹിച്ചും, സ്നേഹിച്ചും ഒതുങ്ങിക്കഴിയാനുള്ളതാണെന്ന് അവരും അമൃതയുടെ അമ്മയെപോലെ പഠിച്ചിരിക്കണം. അത് കൊണ്ടാണ് 'അടി' ഒരു വലിയ പ്രശ്നമായി അവർക്കു തോന്നാതിരുന്നത്. മക്കളെ  സ്നേഹിച്ച്, ലാളിച്ച് അവർക്കു  വേണ്ടി എല്ലാം ചെയ്തു കൊടുത്ത് വളർത്തിയത് കൊണ്ടാവും വിക്രമിന് മറ്റുള്ളവരുടെ മേൽ  കരുതൽ ഇല്ലാതായതും കൊച്ചു കൊച്ചു കാര്യങ്ങൾക്കു പോലും  ഭാര്യ വേണ്ടി വരുന്നതും.  
തീരെ കരുതൽ ഇല്ലത്ത ഒരു ഭർത്തവിനോട് ഒപ്പമാണ് അവർ ജീവിച്ചിരുന്നത് എന്നും മനസ്സിലാവുന്നുണ്ട്.  അമ്മയോടൊപ്പം അച്ഛന്റെ രീതികളും വിക്രമിന്  സ്ത്രീകളോടുള്ള മനോഭാവത്തിന് കാരണമാവുന്നുണ്ട്.

പുരുഷകഥാപാത്രങ്ങൾ 

സിനിമയിലെ സ്ത്രീകളെ പോലെ തന്നെ പുഷന്മാരും നമ്മുക്ക് ചുറ്റും കാണുന്നവരുടെ പ്രതിനിധികൾ ആണ്. സ്ത്രീകൾക്ക് വലിയ വില കൽപ്പിക്കാത്ത വിക്രമിന്റെ അച്ഛനും,  സ്ത്രീകളോടു സ്നേഹത്തോടോടെയും ബഹുമാനത്തോടെയും കരുതലോടെയും പെരുമാറുന്ന അമൃതയുടെ അച്ഛനും, ഭാര്യയെ തെല്ലുന്നതു ഒരു അവകാശമായി കാണുന്ന സുനിതയുടെ ഭർത്താവും, ഭാര്യ എത്രയൊക്കെ വിജയം നേടിയാലും അത് അവളുടെ കഴിവുകൊണ്ട് അല്ലെന്നു പറഞ്ഞു അവളുടെ ആത്മവിശ്വാസം കെടുത്തതാൻ ശ്രമിക്കുന്ന നേത്രയുടെ ഭർത്താവും എല്ലാം സ്ത്രീജീവിതത്തിനു പലവിധത്തിൽ സ്വാധീനിക്കുന്ന പുരുഷന്മാർ തന്നെ.

സിനിമയിൽ മികച്ച് നിൽക്കുന്നത് 
  1. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം തന്നെ. തികച്ചും ഒരു സ്ത്രീപക്ഷ സിനിമ. 
  2. സംഭാഷണം.  മനസ്സിൽ പതിഞ്ഞു പോകുന്ന ഒത്തിരി സംഭാഷണ ശകലങ്ങൾ  ഉണ്ടിതിൽ 
  3. സിനിമാട്ടോഗ്രഫി: വരികൾക്കിടയി വായിപ്പിക്കുന്ന  ഫ്രെമുകൾ 
  4. അഭിനേതാക്കൾ 
പോരായ്മകൾ 
  1. ചില ഭാഗങ്ങളിലെ വലിച്ചു നീട്ടൽ 

സിനിമയെ കുറിച്ച് 
പേര്:തപ്പട് 
സംവിധാനം: അനുഭവ് സിൻഹ 
ഭാഷ: ഹിന്ദി 
റിലീസ് ചെയ്ത വർഷം: 2020, ഫെബ്രുവരി 

ലേഖിക: ലേഖ ദാസ് 

Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ