പരീക്ഷയും ഗണപതിയും പിന്നെ ഞാനും


ഇടപ്പള്ളി കൊട്ടാരം ഗണപതിയുമായുള്ള അടുപ്പം തുടങ്ങിയിട്ട് വർഷം കുറേയായി. കൃത്യമായി പറഞ്ഞാൽ B.Sc പഠനകാലത്ത്. പഠനത്തിൽ താല്പര്യക്കുറവും ഒപ്പം മാർക്കു കുറവും ഒക്കെയായി നടന്ന കാലം. അപ്പോൾ തിരുവല്ലയിലുള്ള ഒരു സ്വാമിയാണ് കൊട്ടാരം ഗണപതിയെ സജസ്റ്റ് ചെയ്തത്. അങ്ങനെ വഴിയൊക്കെ ചോദിച്ചു ചോദിച്ചു കണ്ടു പിടിച്ച് എത്തപ്പെട്ടതാണവിടെ. അന്ന് അവിടെ ആളുകൾ അധികം വന്നു തുടങ്ങിട്ടില്ല. വീടിന്റെ രണ്ടു കിലോമീറ്റർ അപ്പുറത്തിരുന്ന അദ്ദേഹത്തിന്റെ അടുത്തെത്താൻ തിരുവല്ലയിലുള്ള സ്വാമി പറയേണ്ടി വന്നു. പരീക്ഷക്കു മുന്നേ അവിടെ പോയി ഒരു തേങ്ങ ഉടച്ച് കാര്യം പറഞ്ഞിട്ടു പോന്നാൽ ബാക്കി പുള്ളി നോക്കിക്കോളും. പിന്നെ കൊതി നോന്നുമ്പോ ഇടക്ക് അപ്പം, അട ഒക്കെ വഴിപാടും.
സത്യം പറഞ്ഞാൽ അദ്ദേഹത്തോട് കൂട്ട് കൂടി തുടങ്ങീതിൽ പിന്നെ ശയന പ്രദിക്ഷണം ഒന്നും നേരേണ്ടി വന്നിട്ടില്ല. ശയനപ്രദക്ഷിണം ആദ്യായി (അവസാനമായും) നേരുന്നത് സെക്കന്റ് ഇയർ ബി. എസ്സി സി നഴ്സിങ്ങ് എക്സാം കഴിഞ്ഞപ്പോഴാണ്. പ്രത്യേകിച്ചും കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ്ങ്. അതു വരെ കേൾക്കാത്ത പലതും ചോദ്യ പേപ്പറിലുണ്ടായിരുന്നു. എന്തായാലും പ്രശ്നമായത് റിസൾറ്റ് വന്നപ്പോഴാണ്. ജയിച്ചു. ശയന പ്രദക്ഷിണത്തിന്റെ കാര്യം മറക്കുകയും ചെയ്തു. തേർഡ് ഇയർ പരീക്ഷയെത്തിയപ്പോഴാണ് ഈ കാര്യം വീണ്ടും ഓർമ്മയിലേക്ക് വരികയും എന്നെ അത് അലട്ടുകയും ചെയ്തു തുടങ്ങിയത്. പരീക്ഷ പാസ്സായപ്പോൾ നേർന്ന വഴിപാടുകൾ ചെയ്യാൻ കാശില്ലാതിരുന്ന കൊണ്ട് നിരീശ്വരവാദിയായ ശ്രീനിവാസന്റെ കഥ അന്ന് കേട്ടിട്ടുണ്ടയിരുന്നില്ല. എങ്കിൽ ആ വഴിക്കു ചിന്തിച്ചേനെ. ടെൻഷൻ കൂടി വന്നപ്പോൾ ശയനപ്രദക്ഷിണ രഹസ്യം മമ്മിയോടു പറഞ്ഞു. പരിക്ഷക്കു ജയിക്കുമോ എന്ന സംശയമുള്ള ലെവലിലേക്ക് മകൾ എത്തിയ വിവരം അന്നാണവർ അറിഞ്ഞത്. നല്ല സ്റ്റിക്ട് പേരന്റ്സിൽ (പട്ടാളം - പോലീസ് ദമ്പതികളാണ് എന്റെ പാരന്റ്സ് എന്നു പ്രത്യേകം നോട്ട് ചെയ്യുക) നിന്നും കിട്ടാൻ സാധ്യതയുളള ചീത്ത അടി ഒക്കെ കിട്ടിയതിനു ശേഷം ചക്കുളത്തു കാവിൽ പോകാൻ സമ്മതിച്ചു. അങ്ങനെ ഒരു ദിവസം അവിടെയെത്തി. നടവഴിയൊക്കെ അന്ന് നിരപ്പല്ലാത്ത മണ്ണിൻ കൂർത്ത കല്ലുകളൊക്കെയായി നടവഴിയെന്നോട് മര്യാദക്ക് പഠിച്ചുടാരുന്നോ എന്ന് ചോദിച്ചു കൊണ്ടേയിരുന്നു. ശയനപ്രദക്ഷിണത്തിന്റെ ചിട്ടകളെ കുറിച്ചൊന്നും പരിചയമില്ലാത്തതു കൊണ്ട് ചോദിച്ചറിയാൻ തിരുമേനിയെ കണ്ടു. അപ്പോഴാണ് എനിക്ക് ആദ്യമായി ദൈവാനുഗ്രഹം ഫീൽ ചെയ്തത്. പെൺകുട്ടികൾ ശയനപ്രദക്ഷിണം ചെയ്യാൻ പാടില്ലാത്രെ. നാലു നടയിലും നമസ്കരിച്ചു പ്രാർത്ഥിച്ചാൽ മതിയെന്ന്. അന്നു ഞാൻ നന്നായി തന്നെ പ്രാർത്ഥിച്ചു. പിന്നീടിങ്ങോട്ട് പരീക്ഷകൾക്കു മുൻപ് ഇടപ്പള്ളി ഗണപതി കോവിലിൽ ഒന്നു പോവുക ഒരു തേങ്ങ ഉടക്കുക എന്നതൊക്കെ ഒരു ശീലമായി. തേങ്ങയിടിച്ചെഴുതിയ പരീക്ഷകൾക്ക് വിചാരിച്ചതിലും നല്ല റിസൾട്ടും കിട്ടിയിരുന്നു. Pre-Ph.D എക്സാമിന് ബാംഗ്ലൂർ വച്ച് ടെൻഷൻ വന്നപ്പോൾ പപ്പയോട് ഫോൺ ചെയ്തു പറഞ്ഞ് ഔട്ട് സോഴ്സ് ചെയ്യിക്കുകയും ചെയ്തു. അങ്ങനെ ഇടപ്പള്ളി ഗണപതിക്കുള്ള തേങ്ങ ഒരു കോൺഫിഡൻസ് ബൂസ്റ്ററായി തുടർന്നു. ഈ തിങ്കളാഴ്ച ഗണപതി കോവിലിൽ പോയത് മേഘനയുടെ പത്താം ക്ലാസ്സ് എക്സാം തുടങ്ങുന്ന ദിവസമായതുകൊണ്ടാണ്. അമ്പലത്തിൽ തൊഴുതങ്ങനെ നിൽക്കെ ശ്രീകോവിലിനുള്ളിൽ നിന്നും ഒരു കുഞ്ഞലി ഇറങ്ങി വരുന്നു. കുറച്ചു നേരം വാതിൽ പടിയിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി നടന്ന് കടന്നു പോയി. വളരെ കാലം കൂടി ചെന്ന എന്നെ കാണാൻ ഗണപതി പുറത്തേക്കിറങ്ങി വന്നതായി ഞാനങ്ങ് സങ്കൽപ്പിച്ചു. അദൃശ്യനായ ഗണപതി ദൃശ്യമായ വാഹനത്തിൽ വന്നത് ശ്രദ്ധയെ ആകർഷിക്കാൻ. ഞാൻ കണ്ടു എന്ന് അറിയിക്കാൻ. ഇങ്ങനെയൊക്കെ സങ്കൽപ്പിക്കുമ്പോഴല്ലേ ഒരു സുഖം! സന്തോഷം! ഇന്ന് മേഘ്നയോട് പ്രാർത്ഥനയുടെ സൈക്കോളജി സംസാരിച്ചിരിക്കവെയാണ് തേങ്ങ കഥകളൊക്കെ പറയേണ്ടി വന്നത്. അപ്പോഴാണ് അവളാ വിശേഷം പറഞ്ഞത്. പരീക്ഷ തുടങ്ങിയ ദിവസം ഗണപതി കോവില്ലിലെ തേങ്ങ ഔട്ട് ഓഫ് സ്റ്റോക്ക് ആയത്രേ.!!

Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ