എൻറ മുഖമെഴുത്ത്
"'മുഖമാണല്ലേ ഡെയ്ലി പ്രാക്ടിസിനുള്ള കാൻവാസ് ?"
ഒരു നാലഞ്ഞു വർഷം മുൻപ് അകാദമിയുടെ ഒരു പെയിന്റിങ്ങ് ക്യാംപിൽ പങ്കെടുക്കവെ രണ്ടാം ദിവസം രാവിലെ ഒരുങ്ങി കൊണ്ടിരുന്ന എന്നോട് ഒരു സീനിയർ ആർട്ടിസ്റ്റ് ചോദിച്ചതാണ്.
ആക്കിയതാണോ എന്ന് ആദ്യം തോന്നിയെങ്കിലും അതിലിത്തിരി കാര്യമുണ്ടന്ന് പിന്നെ മനസ്സിലായി. എന്നു കരുതി വല്യ മേക്കപ്പ് ഒന്നുമല്ലാട്ടോ.
കാൻവാസ് തയാറാക്കാൻ ചെറുതായി ഫേസ്ക്രീം. ലേശം പൗഡർ. ആദ്യം നൈസ് ആയി പുരികം വരക്കും. രോമം കുറവായതുകൊണ്ട് പുരികം പറിച്ചു ഷേപ്പ് ആകാറില്ല. പകരം സ്വന്തം കരവിരുത് തന്നെ.
പിന്നെ കണ്ണ്. മുകളിൽ ഐലനർ എഴുതുന്നതായിരുന്നു പണ്ട് ശിലം. പിന്നീടത് കൺമഷിയും ഇപ്പോൾ സുറുമയും ആയി നിൽക്കുന്നു. സുറുമയെഴുതിയെഴുതി കണ്ണുകളോട് എനിക്കു തന്നെ പ്രണയം വന്നു തുടങ്ങി. ഇപ്പോൾ രണ്ടു നേരവും കുളി കഴിഞ്ഞ് സുറുമയെഴുത്ത് ഒരു പതിവായി. " സുറുമയെഴുതിയ മിഴികളേ എന്ന് സ്വന്തം കണ്ണുകളെ നോക്കി പാടുമ്പോൾ കിട്ടുന്ന ഒരു ഫിലുണ്ടല്ലോ അത് അനുഭവിച്ചറിയണം!
പൊട്ടു വരക്കുന്നതിന്റെ സാധ്യതകൾ ഞാൻ ഇതുവരെ പഠിച്ചു കഴിഞ്ഞിട്ടില്ല എന്നു വേണം പറയാൻ. ഐലനർ കൊണ്ടും പല നിറത്തിലുള്ള ചാന്തുപൊട്ടുകെണ്ടും പല രൂപത്തിലും ഭാവത്തിലും ഉള്ള പൊട്ടുകൾ. ചിലപ്പേൾ ചെറിയ സ്റ്റിക്കർ ബിന്ദി, കല്ല് പൊട്ടുകൾ എന്നിവയും വരയോടൊപ്പം കൂട്ടും. മൂഡ് അനുസരിച്ച് ചില ദിവസങ്ങളിൽ പല വലിപ്പത്തിലുള്ള ഒട്ടിക്കുന്ന വട്ടപ്പൊട്ടും ഉപയോഗിക്കാറുണ്ട്. കൂട്ടുകാരും സ്റ്റുഡന്റ്സുമൊക്കെ പുകഴ്ത്തുന്നത് പൊട്ടു വര തുടരാൻ പ്രചോദനമായി എന്നും പറയാം.
ലിപ്സ്റ്റിക് ഇടാൻ ഇഷ്ടമാണെങ്കിലും പതിവല്ല. അവിടെയും ലിപ് ലൈനർ കൊണ്ടുള്ള വരയാണ് കൂടുതൽ ഇഷ്ടവും പതിവും. ഒപ്പം മിക്കവാറും നൈസ് ആയി ലിപ്ഗ്ലോസ്സും.
ലിപ് ലൈനർ കൊണ്ട് വരക്കുന്നത് മേക്കപ്പിലെ ഏറ്റവും ഇഷ്ടമുള്ള ഭാഗമാണ്. വരച്ചു വരച്ച് ചുണ്ടിനോടും തുടങ്ങി പ്രണയം.
സീമന്തരേഖയിൽ ഒരു കല്ലുപൊട്ടും, കല്ലു പൊട്ടിനു മുകളിൽ ലിപ് ലൈനർ കൊണ്ടൊരു വരയും, ഒരു പതിനഞ്ചു വർഷമായുള്ള ശിലമാണ്. തനിയെ ഉണ്ടാക്കായെടുത്ത ഒരു സ്റ്റൈൽ. ലിപ് ലൈനർ കൊണ്ടൊരു വരയാണ് പതിവെങ്കിലും സിന്ദൂരവും ചിലപ്പോൾ ഇടും. കല്യാണം കഴിഞ്ഞതിന്റെ സിഗ്നൽ എന്നതിലുപരി അതൊരു രസമായാണ് തോന്നാറ്.
ഇത്തവണ മധുരയിൽ പോയപ്പോൾ പത്തു കളറിലെ സിന്ദൂരമങ്ങട് വാങ്ങി. ഒന്നു രസത്തിന്.
ഇപ്പോ പുതിയതായി തുടങ്ങിയ അസ്ഹ്യതയാണ് മൂക്കുത്തി. കുത്താൻ കഴിയാത്തതുകൊണ്ട് അവിടെയും സ്റ്റോൺ ബിന്ദി.
ഇത്രേമൊക്കെയാണ് മുഖമെഴുത്തു പതിവുകളെങ്കിലും മൂഡ്, സമയം എന്നിവയുടെ കുറവനുസരിച്ച് പലതും ഒഴിവാക്കാറുമുണ്ട്.
എന്തിനാണ് ഒരുങ്ങുന്നത് എന്ന് ചോദിച്ചാൽ ഒരു രസം. വരക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം.
പിന്നെ ഒരു തരം സ്'നേഹ പ്രകടനം.
ആത്മപ്രണയത്തിന്റെ വേറൊരു ഭാവം എന്നൊക്കെ പറയാം!
ഒപ്പം, സന്ദർഭത്തിനനുസരിച്ച് ഒരുങ്ങുമ്പോൾ കിട്ടുന്ന ആത്മവിശ്വാസവും.
സുന്ദരിയാവാനാണൊരുങ്ങുന്നത് എന്നതിലുപരി ഞാനൊരു സുന്ദരിയാണ് എന്ന തോന്നലു വന്നതിൽ പിന്നെയാണ് ഒരുങ്ങി തുടങ്ങിയത്.
മേക്കപ്പ്, ഡ്രസ്സിങ്ങ് സറ്റെൽ എല്ലാം ചേർന്ന് സ്വന്തമായി ഒരു ഐഡൻറിറ്റി നിലനിർത്താൻ ശ്രമിക്കാറുണ്ട്. കാലം മാറുന്നതനുസരിച്ച് അതും മാറും.
ഇയിടെ വന്ന ഒരു മാറ്റം മുടി ചീകേണ്ട ആവശ്യമില്ല എന്ന തോന്നലാണ്. ഫേയ്സ്, ഹെയർ ട്രീറ്റ്മെൻറ് ചെയ്യുന്ന ശീലം പണ്ടേയില്ല. ചെറുപയർ പൊടിയും, വിർജിൻ കോക്കനട്ട് ഒ യിലുമാണ് സൗന്ദര്യ രഹസ്യം.
അല്പം എണ്ണ തേച്ച് കുളിച്ച് മുടി ചീകിതെ, മൂഡിനനുസരിച്ച് മുഖം ചെയ്ത് കുർത്തയിട്ടു (അതും ഖാദി)നടക്കാനാണ് ഇപ്പോ ഇഷ്ടം.
Comments
Post a Comment