ഇ- ലേർണിംഗ് ഉപയോഗിച്ച് തുടങ്ങുമ്പോൾ
ഓൺലൈൻ ക്ലാസ് ആദ്യമായി എടുക്കുന്നത് 2012 ലാണ്. പാൻ ആഫ്രിക്കൻ ഇ-നെറ്റ്‌വർക്ക് പ്രോജക്ടിന്റെ ഭാഗമായുള്ള മെഡിക്കൽ തുടർവിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന 'സിസേറിയൻ കഴിഞ്ഞുള്ള പരിചരണം' എന്ന വിഷയത്തെ കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഈ പ്രോജക്ടിന്റെ ഭാഗം ആയത് കൊണ്ടാണ് അന്ന് അങ്ങനെ ഒരവസ്സരം ലഭിച്ചത്. ഒരേസമയം എട്ട് ആഫ്രിക്കൻ രാജ്യങ്ങളിലെ നഴ്സുമാർക്കാണ് ക്ലാസ് എടുക്കേണ്ടിയിരുന്നത്. ആദ്യമായാണ് ഒരു ഓൺലൈൻ ക്ലാസ് എടുക്കുന്നത് എങ്കിലും അമൃതയിലെ മികച്ച ടെലിമെഡിസിൻ സൗകര്യം പരിചിതമായത് കൊണ്ട് പ്രശനം ഉണ്ടായില്ല. പക്ഷെ ക്ലാസ് കേൾക്കുന്നവർക്ക് ഞാൻ പറയുന്ന ഭാഷ മനസിലാവില്ല മനസിലാവില്ല എന്നത് എനിക്ക് സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. അവർക്കു മനസിലാവുന്നത് സ്പാനിഷ് ഭാഷ ആണ്. എന്റെ ഒപ്പം ഉണ്ടാവുന്ന ട്രാൻസ്ലേറ്റർ ആണ് ഞാൻ പറയുന്ന കാര്യങ്ങൾ സ്പാനിഷിൽ അവരോടു പറയുക. അത് കൂടാതെ അവർക്ക് എത്രത്തോളം ഈ വിഷയം അറിയാം, ഞാൻ പറയുന്നത് അവരുടെ നിലവാരത്തിൽ തന്നെ ആകുമോ അങ്ങനെ ഉത്കണ്ഠകൾ പലതായിരുന്നു.
പക്ഷെ ക്ലാസ് എടുത്ത് തുടങ്ങിയപ്പോൾ അതെല്ലാം മാറി. ട്രാൻസ്ലേറ്റർ ആയി വന്ന ഫ്രഞ്ച് യുവതി അവരുടെ ജോലി മനോഹരമായി ചെയ്തു. അതെനിക്ക് മനസ്സിലായത് എന്റെ മുന്നിലിരിക്കുന്ന വലിയ സ്‌ക്രീനിൽ എട്ടു സ്ഥലങ്ങളിൽ ആയിരിക്കുന്ന ആ ആഫ്രിക്കൻ നഴ്സുമാരുടെ മുഖഭാവത്തിൽ നിന്നാണ്. അവരുടെ ആസ്വദിച്ചുള്ള ഇരിപ്പും, ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ താല്പര്യത്തോടെ ശ്രദ്ധിക്കുന്നതും ഇടക്കുള്ള സംശയങ്ങളുമൊക്കെ ആവേശം കൂട്ടി എന്ന് തന്നെ പറയാം. നമുക്കിവിടെ നിസ്സാരം എന്ന് തോന്നിയിരുന്ന പല കാര്യങ്ങളും അവർക്കു പുതിയാതായിരുന്നു എന്നതാണ് വാസ്തവം.
വളരെ ദൂരെയുള്ള, അതും ആഫ്രിക്കൻ രാജ്യങ്ങളിലെ, നഴ്സുമാരെ കുറിച്ച് മനസ്സിലാക്കാനായതിന്റെ സന്തോഷവും, ഇവിടുത്തെക്കാൾ അദ്ധ്യയന സൗകര്യം കുറഞ്ഞ സ്ഥലത്തെ ആളുകളോട് അറിവ് പങ്കുവയ്ക്കാനായത്തിന്റെ സംതൃപ്തിയുമൊക്കെ അന്ന് തോന്നിയിരുന്നു. ഇ-ലേർണിംഗ് പദ്ധതികളുടെ പ്രധാന സാധ്യതയും അതുതന്നെയാണല്ലോ. ദൂരം ഒരു പ്രശ്നമല്ലാതെ അറിവുകൾ കൈമാറാനാവുക!
അണ്ടർ-ഗ്രാജുവേറ്റ്, പോസ്റ്റ് -ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോംസ് ഉപയോഗിച്ച് തുടങ്ങിയതും അമൃതയിൽ വച്ച് തന്നെയാണ്. അറ്റന്റൻസ്, അസൈന്മെന്റ്സ്, പാഠ്യഭാഗം പങ്കുവയ്ക്കൽ, ഓൺലൈൻ പരീക്ഷകൾ, ഇന്റെർണൽ അസ്സെസ്സ്മെന്റ് കണക്കാക്കൽ, പരീക്ഷക്ക് അപ്ലിക്കേഷൻ ഫോം സമർപ്പിക്കൽ, ഹാൾ ടിക്കറ്റ് നൽകൽ തുടങ്ങിയവ ഒക്കെ വളരെ മുന്നേ തന്നെ ഓൺലൈൻ ആക്കിയിരുന്നു. തുടക്കത്തിലൊക്കെ ചെറിയ ചെറിയ ബുദ്ധിമുട്ടുകളും പോരായ്മകളും ഒക്കെ ഉണ്ടായെങ്കിലും അവയൊക്കെ വളരെ വേഗം പരിഹരിക്കപ്പെട്ട് പല ജോലികളും എളുപ്പമാക്കിയിരുന്നു. ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളും വളരെ മികച്ച രീതിയിൽ ഡിജിറ്റൽ ലേർണിംഗ് ഉപയോഗിച്ചു വരുന്നുണ്ട്. ഡിജിറ്റൽ ലേർണിംഗ് വ്യാപകമാക്കപ്പെടുമ്പോൾ അദ്ധ്യാപകരുടെ ജോലി കുറയും എന്നല്ല മനസ്സിലാക്കേണ്ടത്. സ്ഥിരം ചെയ്യുന്ന കുറെ ജോലികൾ ടെക്നോളജി ചെയ്തു തരുമ്പോൾ അദ്ധ്യാപകരുടെ ആ സമയം പുതിയ പാഠ്യപദ്ധതികൾ തയ്യാറാക്കുന്നതിനും ഗവേഷണം നടത്തുന്നതിനും മറ്റും ഉപയോഗിക്കാം എന്നാണ്.
ഹിമാചൽ പ്രദേശിലെ എറ്റേർണൽ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന സമയത്ത് ഡ്രെക്‌സൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് രണ്ടു ഗ്ലോബൽ ക്ലാസ്സ്‌റൂം പ്രൊജക്ടുകൾ ചെയ്തിരുന്നു. എറ്റേർണൽ യൂണിവേഴ്സിറ്റിയിലെയും ഡ്രെക്‌സൽ യൂണിവേഴ്സിറ്റിയിലെയും ഒന്നാം വർഷ ബിരുദ നഴ്സിംഗ് വിദ്യാർഥികൾ ഒന്നിച്ച് ചെയ്ത കണ്ടംപ്രറി ഹെൽത്ത് കെയർ (സമകാലിക ആരോഗ്യ പരിചരണം) എന്ന കോഴ്സ് ആണ് ഒന്നാമത്തേത്. അതിന്റെ ഭാഗമായി രണ്ടിടത്തെയും കുട്ടികൾ ഒന്നിച്ച് ഗ്രൂപ്പ് പ്രോജെക്ടും ചെയ്തിരുന്നു. എറ്റേർണൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദവിദ്യാർഥികളും ഡ്രെക്‌സൽ യൂണിവേഴ്സിറ്റിയിലെ പോസ്റ്റബേസിക് ബിരുദവിദ്യാർഥികളും ഒന്നിച്ച് ചെയ്ത ഗ്ലോബൽ ഹെൽത്ത് ആയിരുന്നു രണ്ടാമത്തെ കോഴ്സ്. ഡിജിറ്റൽ ലേർണിംഗ് സാധ്യതകൾ വളരെ നല്ല രീതിയിൽ ഉപയോഗിച്ചാണ് രണ്ടു പ്രോജക്ടുകളും ചെയ്തത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സംഗതി എളുപ്പമായിരുന്നു എങ്കിലും ഹിമാചൽ പ്രാദേശിലെയും, പഞ്ചാബ്-ഹരിയാനയിലേയുമൊക്കെ ഗ്രാമങ്ങളിൽ നിന്നും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് വന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് നല്ല ബുദ്ധിമുട്ട് തുടക്കത്തിൽ ഉണ്ടായിരുന്നു. അവർക്കു ഫോൺ/ടാബ്ലറ്റ്/കമ്പ്യൂട്ടർ സൗകര്യം ചെയ്തുകൊടുക്കുക, ഇ-മെയിൽ അക്കൗണ്ട് തുടങ്ങാൻ സഹായിക്കുക, ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെ ഉപയോഗം പഠിപ്പിക്കുക തുടങ്ങിയ പല കടമ്പകളും മറികടന്നാണ് ടീച്ചേർസ് ഇത് സാക്ഷാത്കരിച്ചത്. പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ തടസ്സങ്ങൾ ഉണ്ടാവും പക്ഷെ അവയൊക്കെ പരിഹരിക്കാനും ആവും. അതുവഴി ടീച്ചർമാരും കുട്ടികളും ഒരു പോലെ പല പുതിയ കാര്യങ്ങളും പഠിക്കുകയും ചെയ്യും.

കഴിഞ്ഞ രണ്ടു മാസമായി ക്ലാസുകൾ പൂർണമായും ഡിജിറ്റൽ ലേർണിംഗ് പ്ലാറ്റ്ഫോംസ് ഉപയോഗിച്ചാണ് നടക്കുന്നത്. ഇത് വരെ ചില അസൈൻമെന്റിനും ചില വിഷയങ്ങളിൽ സ്വയം പഠനം സാധ്യമാക്കാനാണു ഇ-ലേർണിംഗ് പൊതുവെ ഉപയോഗിച്ചിരുന്നത്. കോവിഡ് മൂലം ലോക്കഡോൺ തുടങ്ങി ഒരാഴ്ചക്കകം തന്നെ ഓൺലൈൻ ക്ലാസ്സ് തുടങ്ങിയിരുന്നു. ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന ടെഹ്‌റാഡൂണിലെ സ്വാമി രാമ ഹിമാലയൻ യൂണിവേഴ്സിറ്റിയിലെ കുട്ടികൾ അധികവും ഉത്തരാഖണ്ഡിന്റെ പല ഭാഗത്ത് നിന്നും ഉള്ളവരാണ്. കൂടാതെ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും. പ്രൈവറ്റ് യൂണിവേഴ്സിറ്റി ആണെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളും ഉണ്ട്. ഡിജിറ്റൽ പ്ലാറ്റഫോം ഉപയോഗിച്ച് പരിചയക്കുറവ് ഉള്ള അദ്ധ്യാപകരും ഉണ്ട്. ഇങ്ങനെയുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അതിജീവിച്ചാണ് വിജയകരമായിത്തന്നെ ക്ലാസുകൾ മുന്നോട്ടു കൊണ്ട് പോകുന്നത്.
ലൈവ് ക്ലാസ് നടത്തുന്നതിന്റെ പ്രധാന പ്രശനം ചില സ്ഥലങ്ങളിലെ നെറ്റ്‌വർക്ക് കുറവ് തന്നെ. ഞാൻ പഠിപ്പിക്കുന്നത് പിജി സ്റ്റുഡന്റിനു ആയതു കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകുന്നുണ്ട്. പക്ഷേ ചിലപ്പോൾ ചിലർക്ക് ടെറസിനു മുകളിലും പെരുവഴിയിലും ഒക്കെ വെയിലത്ത് ഫോണുമായി ഇറങ്ങി നിൽകേണ്ടിയും വരാറുണ്ട്. എന്നാലും ഞങ്ങൾ രണ്ടു കൂട്ടരും മുന്നോട്ടു തന്നെ പോകുന്നു. അതിനു പ്രധാന കാരണം ഞങ്ങൾ ഇത് ആസ്വദിച്ച് തുടങ്ങി എന്നതാണ്. അണ്ടർ ഗ്രാജുവേറ്റ് സ്റ്റുഡന്റസ് ഒരു ബാച്ചിൽ നൂറു പേരൊക്കെ ആയത് കൊണ്ട് നെറ്റ്‌വർക്ക് ഇഷ്യൂവും മറ്റു പ്രശ്നങ്ങളും കൂടുതൽ കുട്ടികൾക്ക് ഉണ്ടാവാറുണ്ട്. അതുകൊണ്ട് ലൈവ് ക്ലാസ് കൂടാതെ മറ്റു മാർഗ്ഗങ്ങൾ കൂടി സ്വീകരിക്കേണ്ടി വരുന്നുണ്ട്.
ഇ-ലേർണിംഗ് തുടങ്ങിയതോടെ പഠന നിലവാരം ഉയർന്നു എന്ന അഭിപ്രായം ടീച്ചർമാർക്കും കുട്ടികൾക്കും ഉണ്ട്. അതിനു കാരണം വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒക്കെ മുന്നിൽ കണ്ടു വളരെ ചിട്ടയോടെ അത് പ്ലാൻ ചെയ്തു തുടങ്ങിയത് കൊണ്ടും, കൃത്യമായ വിലയിരുത്തൽ പല തലത്തിൽ നടക്കുന്നത് കൊണ്ടുമാണ്.
ഇ-ലേർണിംഗ് അനുഭവം മെച്ചപ്പെടുത്തുവാനും കുട്ടികളിലേക്ക് പൂർണ്ണയും ഏത്തുവാനും ചിലതൊക്കെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്നതാണ് അനുഭവത്തിൽ നിന്നും മനസ്സിലാക്കിയത്
- ടൈം ടേബിൾ: കൃത്യമായ ടൈം ടേബിൾ തയാറാക്കുകയും അത് കുട്ടികളെ നേരത്തെ തന്നെ അറിയിക്കുകയും അത് തന്നെ പാലിക്കുകയും വേണം.
- ക്ലാസ്സുകൾ കുറിച്ചുള്ള അറിയിപ്പ്: ഓരോ ക്ലാസ്സുലും പഠിപ്പിക്കാൻ പോകുന്ന വിഷയവും, അതിന്റെ പഠനോദ്ദേശ്യവും (ലേർണിംഗ് ഒബ്ജെക്ടിവിസ്) ക്ലസ്സിനു മുന്നേ കുട്ടികളെ അറിയിക്കണം. തയാറായി വരുന്നത് കുട്ടികളിൽ താല്പര്യം വർധിപ്പിക്കുകയും, ക്ലാസുകൾ എളുപ്പമാക്കുകയും ചെയ്യും.
- മുന്നേ തയാറാക്കിയ നോട്ടുകൾ: മുന്നേ തയാറാക്കിയ നോട്ടുകൾ കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രധാനമാണ്. ക്ലാസിനു മുന്നേ കുട്ടികൾ പാഠഭാഗം വായിച്ചു വരുന്നത് ക്ലാസുകൾ എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു. നോട്ടുകൾ ഇ-മെയിൽ വഴിയോ ഗൂഗിൾ ക്ലാസ്സ്‌റൂം വഴിയോ നല്കുന്നതാവും വാട്ട്സാപ്പിനെക്കാൾ നല്ലത്.
- പ്രീ-അസ്സെസ്സ്മെന്റ് ആൻഡ് പോസ്റ്റ് അസ്സെസ്സ്മെന്റ്: കുട്ടികൾ പാഠഭാഗം പഠിക്കുന്നു എന്ന് ഉറപ്പാക്കാനായാണ് ക്ലാസിനു മുന്നേയും ക്ലാസ് കഴിഞ്ഞും ചെറിയ ടെസ്റ്റുകൾ നടത്തുന്നത്. ക്ലാസ്സിന്റെ പ്രധാന ഭാഗങ്ങൾ ടെസ്റ്റിൽ ഉൾപ്പെടുത്താം. മൂല്യ നിർണയം എളുപ്പമാക്കാൻ മൾട്ടിപ്ൾ ചോയ്സ് ക്വസ്ട്യൻസ് (MCQs) ആവും നല്ലത്. കൂടുതൽ പോർഷൻസ് ഉൾപ്പെടുത്തുകയും ചെയ്യാം.
- ഗൂഗിൾ ഫോംസ്: ടെസ്റ്റുകൾ നടത്തതാൻ ഗൂഗിൾ ഫോംസ് ഉപയോഗിക്കാം. കുട്ടികൾക്ക് ഉത്തരം നൽകുന്നതിനും അദ്ധ്യാപകർക്ക് മൂല്യ നിർണയം നടത്തുന്നതിനും ഒരുപോലെ സഹായകമാണ്. MCQs ടെസ്റ്റ് നൽകി കഴിഞ്ഞ ഉടൻ തന്നെ കുട്ടികൾക്ക് ശരിയുത്തരവും മാർക്കും അറിയുവാനും കഴിയും. MCQs കൂടാതെ ചെറിയ ഉത്തരങ്ങൾ, എസ്സെകൾ, ചേരും പടിചേർക്കൽ തുടങ്ങിയവയ്ക്കും ഗൂഗിൾ ഫോംസ് ഉപയോഗിക്കാവുന്നതാണ്.
- ക്ലാസുകൾ: കുറഞ്ഞ സമയം കൊണ്ട് പ്രധാന ഭാഗങ്ങൾ അവതരിപ്പിക്കുകയാണ് ഓൺലൈൻ ക്ലാസ്സുകളിൽ ചെയ്യേണ്ടത്. ക്ലാസിനു ശേഷം ഉള്ള ചർച്ചകൾക്ക് സമയം മാറ്റി വയ്ക്കുന്നതിന് ഇത് ആവശ്യമാണ്. കുട്ടികൾക്ക് മുന്നേ നൽകിയ നോട്ടുകൾ അവർ വായിച്ച് വന്നാൽ എളുപ്പമാക്കും. സൗജന്യ വീഡിയോ കോൺഫെറെൻസിങ് സോഫ്റ്റ് വെയറുകൾ ആയ സൂം, ഗൂഗ്ൾ മീറ്റ് എന്നിവയാണ് ലൈവ് ക്ലാസ്സുകൾക്ക് കൂടുതൽ സൗകര്യം.
- ക്ലാസിനു ശേഷം ഉള്ള ചർച്ചകൾ. കുട്ടികളെ പഠനത്തിൽ പങ്കാളികൾ ആക്കുന്നതിനു ഈ ചർച്ചകൾ പ്രധാനമാണ്. അവർക്ക് ചോദ്യങ്ങൾ ചോദിയ്ക്കാൻ അവസരം നൽകുന്നതും, വിഷയത്തെ കുറിച്ച് അവരുടെ കാഴ്ചപ്പാടുകൾ പങ്കുവക്കുന്നതിനും, അദ്ധ്യാപകന്റെ അനുഭവങ്ങൾ പങ്കു വച്ച് അവരിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഒക്കെ ഈ സമയം ഉപയോഗിക്കപെടുത്താം. കുട്ടികളുടെ എണ്ണം കൂടുതൽ ഉള്ള ക്ലാസ്സുകളിൽ ചോദ്യങ്ങൾ ചോദിയ്ക്കാൻ ചാറ്റ് ബോക്സ് പ്രയോജനപ്പെടുത്തിയാൽ കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാം. ക്ലാസിനു ശേഷമുള്ള ചർച്ചക്ക് ഗൂഗിൾ ക്ലാസ്റൂമും, ഇമെയിൽ റിപ്ലൈകളും ഉപയോഗിക്കാവുന്നതാണ്.
- സ്വയം പഠനത്തിനു സഹായിക്കുന്ന അസൈന്മെന്റുകൾ: പാഠഭാഗം മുഴുവനും അങ്ങനെ തന്നെ പഠിപ്പിക്കാതെ, കുറച്ചു ഭാഗം സ്വയം പഠനത്തിന് ഉതകുന്ന രീതിയിലുള്ള അസൈന്മെന്റുകൾ ആയി നൽകുന്നത് തീർച്ചയായും പഠന നിലവാരം മെച്ചപ്പെടുത്തും. കുട്ടികളുടെ നിലവാരത്തിനും അവർക്കുള്ള സൗകര്യം അനുസരിച്ചും വേണം അസൈന്മെന്റുകൾ വിഭാവനം ചെയ്യാൻ. കുട്ടികൾക്ക് ചിന്തിക്കാനും, അവരുടെ ഭാവന, സര്‍ഗ്ഗവൈഭവം എന്നിവ ഉപയോഗിക്കാനും, എങ്ങനെ അറിവുകൾ നേടാനാവും എന്ന് പഠിക്കുവാനും സഹായിക്കുന്നവ ആവണം അത്.
- ഇ-ലീർണിങ് പ്ലാറ്റുഫോമുകൾ: പഠന വിഷയങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുസരിച്ച് ഒന്നിലധികം ഇ-ലേർണിങ് പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദം ആവും എന്നാണ് തോന്നാറുള്ളത്.
- ഇ-മെയിൽ: ക്ലാസുകൾ അന്നൗൻസ് ചെയ്യുന്നതിനും, നോട്ട്സുകളും മറ്റും നൽകുന്നതിനും ഇ-മെയിൽ ഉപയോഗിക്കാം. നോട്സുകൾ നൽകിയ ഇമെയിൽ ത്രെഡ് തന്നെ ക്ലാസിനു ശേഷം ഉള്ള ചർച്ചകൾക്കു ആയി ഉപയോഗിക്കുകയും ചെയ്യാം. ആ വിഷയത്തിലുള്ള ചർച്ചകൾ ഒക്കെ ഒന്നിച്ചു വായിക്കാനാവുകയും, ഒരു കുട്ടിയുടെ സംശയങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുകയും ചെയ്യുന്നത് കൂടാതെ ഇൻ ബോക്സ് നിറയാതെ ഇരിക്കാനും അത് സഹായിക്കും. ചർച്ചകൾക്ക് ഗൂഗിൾ ക്ലാസ്റൂമും ഉപയോഗിക്കാവുന്നതാണ്.
- ഇ-മെയിൽ ഗ്രൂപ്സ്: ഒരു ക്ലാസ്സിലെ കുട്ടികളുടെ ഇമെയിൽ അഡ്രസ് ഒക്കെ ഗ്രൂപ്പുകൾ ആയി സേവ് ചെയ്താൽ ഇമെയിൽ അയക്കാൻ എളുപ്പമാകും.
- ഗൂഗിൾ ക്ലാസ്സ്‌റൂം: ക്ലാസ്സിലെ കുട്ടികളെ ഒക്കെ ഒന്നിച്ചിരുത്തി ശരിക്കും ഒരു ക്ലാസ് റൂമിന്റെ പ്രതീതി ജനിപ്പിക്കുന്ന അപ്ലിക്കേഷൻ ആണ് ഗൂഗിൾ ക്ലാസ്സ്‌റൂം. ടീച്ചർ തന്റെ ഇമെയിൽ ഉപയോഗിച്ച് ഗൂഗിൾ ക്ലാസ്സ്റൂമിൽ തന്റെ ക്ലാസുകൾ സൃഷ്ടിച്ചതിനു ശേഷം കുട്ടികളെ ക്ലാസ്സിലേക്ക് ക്ഷണിക്കാം. അതിന് ഗൂഗിൾ ക്ലാസ്സ്‌റൂം നൽകുന്ന ക്ലാസ് കോഡുകളോ, ഇമെയിലോ ഉരുപയോഗിക്കാം. ക്ലാസ്സിലെ കുട്ടികൾക്ക് ഒന്നിച്ച് ഇമെയിൽ അയക്കാനുള്ള സൗകര്യവും ഗൂഗിൾ ക്ലാസ്സ്‌റൂമിൽ ഉണ്ട്. ക്ലാസ് അന്നൗൻസ് ചെയ്യുവാനും, നോട്സ്, അസ്സിഗ്ന്മെന്റ്സ്, പരീക്ഷകൾ എന്നിവ നൽകുവാനും, ക്ലാസ് കഴിഞ്ഞുള്ള ചർച്ചക്കും ഒക്കെ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഒരു പ്ലാറ്റ്ഫോം ആണ് ഗൂഗ്ൾ ക്ലാസ്സ്‌റൂം. ഫയലുകളും, വിഡിയോകളും, യൂട്യൂബ്-മറ്റു വെബ്സൈറ്റ് ലിങ്കുകളും ഒക്കെ ഇവിടെ പങ്കുവയ്ക്കാവുന്നതാണ്. ലൈവ് ക്ലാസ് ഒഴിച്ച് മറ്റെന്തിനും ഗൂഗിൾ ക്ലാസ്സ്‌റൂം തന്നെയാണ് ബെസ്റ്.
- ഓൺലൈൻ ക്ലാസുകൾ: ലൈവ് ക്ലാസ്സുകൾക്ക് സൂം, ഗൂഗിൾ മീറ്റ് എന്നിവയാണ് കൂടുതൽ ഉപയോഗിച്ച് വരുന്നത്. പ്രസന്റേഷൻ സ്ലൈഡ് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ രണ്ടിലും ഉണ്ട്. വൈറ്റ് ബോർഡ് എന്ന ഓപ്ഷൻ ക്ലാസ്സിനിടക്ക് എഴുതുവാനും വരാക്കുവാനും ഒക്കെ ഉപയോഗിക്കാം. വെയ്റ്റിംഗ് റൂം എന്ന ഓപ്ഷൻ കുട്ടികൾ ക്ലാസ്സിൽ എത്തുന്നത് ശ്രദ്ധിക്കാനും പുറത്ത് നിന്നു ആരും ക്ലാസ്സിൽ കയറാതെ നോക്കാനും സഹായിക്കുന്നു. കൈ ഉയർത്തനുള്ള ഓപ്ഷനും ഉണ്ട്. ഇവ രണ്ടിലും ഉള്ള ചാറ്റ്ബോക്സ് സംശയങ്ങൾ ചോദിക്കാനായി ഉപയോഗിക്കാം. സൗകര്യങ്ങൾ കൂടുതൽ സൂമിൽ ആണ് ഉള്ളത്. നെറ്റ്‌വർക്ക് കുറവുള്ള സ്ഥലങ്ങളിൽ ഗൂഗിൾ മീറ്റ് പ്രയോജനപ്പെട്ടേക്കാം.
- ഓൺലൈൻ അസൈന്മെന്റുകൾ: ഓൺലൈൻ അസൈന്മെന്റുകൾ നൽകുന്നതിനും ഗൂഗിൾ ക്ലാസ്സ്‌റൂം തന്നെയാണ് മികച്ചത്. ടീച്ചറിന് ഓരോ ക്ലാസ്സിലും അസൈന്മെന്റുകൾ ക്രിയേറ്റ് ചെയ്യുവാനും, സമർപ്പിക്കാനുള്ള സമയവും മറ്റ് നിർദ്ദേശങ്ങളും നൽകുവാനും സാധിക്കും. മൂല്യ നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങളും അവക്കുള്ള മാർക്കുകളും ഇതിലെ 'റബറിക് ' ഓപ്ഷൻ വഴി സെറ്റ് ചെയ്യുന്നത് ഇവ മുൻകൂട്ടി കുട്ടികളെ അറിയിക്കാനും, മൂല്യ നിർണയം എളുപ്പമാക്കുന്നതിനും കഴിയും.
- ഇ-ലേർണിംഗ് തടസ്സങ്ങൾ: ഇ-ലേർണിംഗ് ഉപയോഗിച്ച് തുടങ്ങുമ്പോൾ പ്രശ്നങ്ങൾ പലവിധം ഉണ്ടാകുന്നത് സ്വാഭാവികം. അവ മനസ്സിലാക്കുകയും അവക്കുള്ള പരിഹാരങ്ങൾ നമ്മൾ തന്നെ കണ്ടെത്തുകയും ചെയ്യണം.
- ഇന്റർനെറ്റ് സൗകര്യം കുറവുള്ള കുട്ടികൾ: അവർക്കു ചിലപ്പോൾ ലൈവ് ക്ലാസിൽ പങ്കെടുവാൻ സാധിക്കണം എന്നില്ല. അങ്ങനെ ഉള്ളപ്പോൾ സ്വീകരിക്കാവുന്ന പല മാർഗ്ഗങ്ങളും ഉണ്ട്.
- ക്ലാസ് റെക്കോർഡ് ചെയ്യുക. സൂമിൽ ക്ലാസ് റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. ക്ലാസിനു ശേഷം അത് കംപ്യൂട്ടറിലെ സൂം ഫോൾഡറിൽ വീഡിയോ ഫയൽ സേവ് ആകും. അത് ഗൂഗിൾ ക്ലാസ് റൂമിൽ അപ് ലോഡ് ചെയ്യുകയോ ഇമെയിൽ ആയി അയക്കുകയോ ചെയ്യാം. കുട്ടികൾക്ക് അത് സൗകര്യമുള്ളപ്പോൾ ഡൗൺലോഡ് ചെയ്ത് പഠിക്കാം.
- റെക്കോർഡഡ് വിഡിയോ ക്ലാസ്സ്: മികച്ച രീതിയിൽ ക്ലാസ് എടുക്കുന്ന അധ്യാപകർ ക്ലാസുകൾ വീഡിയോ ആയി റെക്കോർഡ് ചെയ്തു യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ ധാരാളം കുട്ടികൾക്കു പ്രയോജനപ്പെടും. യൂട്യൂബ് ലിങ്ക് ഗൂഗിൾ ക്ലാസ്റൂമിൽ പോസ്റ്റ് ചെയ്യുകയും ഇമെയിൽ വഴി ഷെയർ ചെയ്യുകയും ചെയ്യാം. സൂം വഴി റെക്കോർഡ് ചെയ്ത ക്ലാസ്സുകളും യൂട്യൂബിൽ പോസ്റ്റ് ചെയ്യാവുന്നതാണ്.
- വോയിസ് ഓവർ പവർപോയ്ന്റ് പ്രസന്റേഷൻ: പവർ പോയ്ന്റ് പ്രസന്റേഷനീൽ ഉള്ള 'റെക്കോർഡ് നറേഷൻ' എന്ന ഓപ്ഷൻ ഉപയോഗിച്ച് ഓരോ സ്ലൈഡിനും വേണ്ട എക്സ്പ്ലനേഷൻ റെക്കോർഡ് ചെയ്തു സേവ് ചെയ്തശേഷം കുട്ടികൾക്ക് ആയച്ചു കൊടുക്കുന്നതും മറ്റൊരു എളുപ്പ മാർഗമാണ്.
- വിശദമായ നോട്ടുകൾ: മേല്പറഞ്ഞവയൊന്നും സാധ്യമല്ലെങ്കിൽ വിശദമായ നോട്ടുകൾ നൽകി അവർക്കുള്ള സംശയങ്ങൾ വാട്സ്ആപ് വഴിയോ ഫോൺ വഴിയോ തീർത്തു കൊടുക്കാം.
- ഗൂഗിൾ ക്ലാസ്റൂമിന്റെ സൗകര്യങ്ങളും അവർക്കു പ്രയോജനപ്പെടും. ഗൂഗിൾ ക്ലാസ്റൂമിൽ വിഷയത്തെ ടോപ്പിക്ക് അനുസരിച്ചു തരംതിരിച്ച് നോട്ടുകളും, വിഡിയോയുമൊക്കെ അപ്‌ലോഡ് ചെയ്‌താൽ കുട്ടികൾക്ക് വളരെ എളുപ്പമാകും.
- അദ്ധ്യാപകരുടെ പരിചയ/താല്പര്യക്കുറവ്: അദ്ധ്യാപകരുടെ പരിചയകുറവ് ആണ് മറ്റൊരു തടസ്സം. അത് പക്ഷെ വളരെ എളുപ്പം മാറുന്നതാണ്.
- ലഭ്യമായ ഇ-ലീർണിങ് പ്ലാറ്റ്‌ഫോമുകളെ കുറിച്ച് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. അവയിൽ നിന്നും തന്റെ താല്പര്യത്തിനും കുട്ടികളുടെ സൗകര്യത്തിനും അനുസരിച്ചുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാം.
- ഓരോ മാർഗ്ഗങ്ങളും ഉപയോഗിച്ച് പരീക്ഷിക്കുക. ഉപയോഗിച്ച് തുടങ്ങുമ്പോൾ തനിയെ പഠിക്കാവുന്നതേയുള്ളൂ. ഇതേക്കുറിച്ച് കൂടുതൽ അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുകയും ചെയ്യാം.
- അദ്ധ്യാപകർക്ക് വേണ്ടിയുള്ള ട്രെയിനിങ് സ്കൂൾ/കോളേജ് തലത്തിൽ നടപ്പാക്കേണ്ടതാണ്.
- ക്‌ളാസ് തുടങ്ങുന്നതിനു മുന്നേ സാധ്യതകളെ കുറിച്ച് കൃത്യമായ പഠനങ്ങളും നടത്തണം. തങ്ങളുടെ സ്ഥപനത്തിനു ഏറ്റവും യോജിച്ച മാർഗങ്ങൾ വേണം തിരഞ്ഞെടുക്കാൻ. സൗകര്യം ഏറ്റവും കുറഞ്ഞ കുട്ടികളെ മുന്നിൽ കണ്ടു വേണം പദ്ധതികൾ ആവിഷ്കരിക്കാൻ.
- കൃത്യമായ ഇടവേളകളിൽ വിലയിരുത്തലുകളും പ്രധാനമാണ്. അദ്ധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ക്ലാസുകൾ നന്നായി പോകുന്നു എന്ന് ഉറപ്പാക്കുകയും ബുദ്ധിമുട്ടുകൾ ഉണ്ടങ്കിൽ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും വേണം.
- അദ്ധ്യാപകരുടെ അനുഭവങ്ങൾ പരസ്പരം പങ്കു വയ്ക്കുന്നത് പരസ്പരം പ്രചോദനം നൽകിയേക്കും
- കുട്ടികൾ ക്ലാസുകൾ മനസ്സിലാക്കുന്നുണ്ടോ എന്നറിയാനുള്ള ബുദ്ധിമുട്ട്: കുട്ടികളെ എല്ലാവരെയും ഒന്നിച്ച് കാണാൻ സാധിക്കാത്തതു കൊണ്ട് അവർ ശ്രദ്ധിക്കുന്നുണ്ടോ മനസ്സിക്കുന്നുണ്ടോ എന്നുള്ള ഉത്കണ്ഠകൾ ഒക്കെ ഉണ്ടാവാം. അതിനു വേണ്ടി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളും ഉണ്ട്.
- ക്ലാസിനു മുന്നേയും ക്‌ളാസ് കഴിഞ്ഞുമുള്ള ചെറിയ ടെസ്റ്റുകൾ
- ക്ലാസിനു ശേഷം നൽകാവുന്ന ചെറിയ ലേർണിംഗ് അസൈൻമെന്റുകൾ
- ക്ലാസിനു ശേഷം ഉള്ള ചർച്ചകൾ. അതിൽ കുട്ടികൾ പങ്കെടുക്കുന്നു എന്ന് ഉറപ്പാക്കുക.
- സംശയങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ക്ലാസ്സിനെ കുറിച്ചുള്ള അവരുടെ ചിന്തകൾ (റിഫ്ലക്ഷൻസ്) പങ്കുവയ്ക്കാൻ പറയാം.
- കമ്പ്യൂട്ടറും ടാബ്ലെറ്റുമൊക്കെ ക്ലാസ്സിലെ മിക്ക കുട്ടികൾക്കും ഇല്ല എങ്കിൽ ലൈവ് ക്ലാസ് ഉപയോഗിക്കാതെ വീഡിയോ, നോട്സ് ഒക്കെ പങ്കു വയ്ക്കുന്ന രീതികൾ ആവും നല്ലത്.
- ആശങ്കകൾ: ക്ലാസ്സുകൾ തുടങ്ങുന്നതിനു മുന്നേ തന്നെ കുട്ടികളെയും അദ്ധ്യാപകരേയും വിവരങ്ങൾ അറിയിക്കേണ്ടതാണ്. തയാറെടുക്കാനുള്ള സമയം രണ്ടു കൂട്ടർക്കും വേണമല്ലോ. തുടക്കത്തിൽ തന്നെ പ്രായോഗികമായ എളുപ്പമാർഗ്ഗങ്ങൾ ഉപയോഗിച്ച് തുടങ്ങി ആശങ്കകൾ മാറ്റിയ ശേഷം, സാധ്യമായ മറ്റു മാർഗങ്ങളിലേക്കു പോവുന്നതായിരിക്കും നല്ലത്.
ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സാധ്യമായ രീതി അവലംബിച്ച് വേണം മുന്നോട്ടു പോകുവാൻ.
ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും പല ഭാഗത്തോടുള്ള അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത് സാധ്യമാകും എങ്കിൽ കേരളത്തിൽ ഇത് സാധ്യമാകതിരിക്കാനുള്ള ഒരു കാരണവുമില്ല. തടസ്സങ്ങൾ ഒക്കെ പരിഹരിച്ച് നമ്മൾ മുന്നോട്ടു പോവുക തന്നെ ചെയ്യും. പ്രശ്നങ്ങൾക്കൊക്കെ പരിഹാരം കാണാനും നമുക്കാവും.
ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും പല ഭാഗത്തോടുള്ള അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത് സാധ്യമാകും എങ്കിൽ കേരളത്തിൽ ഇത് സാധ്യമാകതിരിക്കാനുള്ള ഒരു കാരണവുമില്ല. തടസ്സങ്ങൾ ഒക്കെ പരിഹരിച്ച് നമ്മൾ മുന്നോട്ടു പോവുക തന്നെ ചെയ്യും. പ്രശ്നങ്ങൾക്കൊക്കെ പരിഹാരം കാണാനും നമുക്കാവും.
നോട്ടു നിരോധനം ഇലക്ട്രോണിക് മണി ട്രാൻസ്ഫർ പരിചയിപ്പിച്ചത് പോലെ കോവിഡ് കാലം ഇ-ലേർണിംഗും പരിചയിപ്പിക്കട്ടെ. ഇ-ലേർണിംഗ് ഉപയോഗിച്ച് ശീലിച്ച അദ്ധ്യാപകരും വിദ്യാർത്ഥികളും കോവിഡിനു ശേഷം പഠിപ്പിക്കുന്നതും പഠിക്കുന്നതും മറ്റൊരു തലത്തിലാവും. അതൊരു വലിയ മുന്നേറ്റവും ആകും.
Prof. Dr. Lekha Viswanath 

Comments
Post a Comment