സുഖം പകരും ഒരു കൊച്ചു യാത്ര - കടമക്കുടി

ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ ഒരു കൊച്ചുയാത്രക്കുള്ള ആഗ്രഹം മുളപൊട്ടി.   ശാന്തമായൊരിടം, അധികം തിരക്കില്ലാതെ പ്രക്യതിയോടു ചേര്‍ന്നിരിക്കാനാവുന്നൊരിടം. കണ്ണടച്ചിരിക്കുമ്പോള്‍ കാറ്റു വന്നു തലോടണം. കിളികളുടെ, കാറ്റിന്റെ, ചീവീടിന്റെ സംഗീതം കേള്‍ക്കണം. കണ്ണു തുറക്കുമ്പോള്‍ നയന മനോഹര കാഴ്ച മുന്നില്‍ വിരിയണം. ഈ വിധ ചിന്തകള്‍ അവസാനം  എത്തി നിന്നതു കടമാക്കുടിയിലാണ്‌. വായിച്ചറിവുള്‍ക്കപ്പുറം ചില ഫേസ് ബുക്ക് ഫോട്ടോകള്‍ വല്ലാണ്ട് മോഹിപ്പിച്ചിരുന്നു. 

ആ ഭാഗത്തേക്കു പോയി മുന്‍പരിചയമില്ലാത്തതു കൊണ്ട് സഹായം ഗൂഗിള്‍ മാപ് വക. ഇടപ്പള്ളിയില്‍ നിന്നും കണ്ടൈനര്‍ റോഡു വഴിയും വരാപ്പുഴ വഴിയും കടമാക്കുടിയെത്താമെന്നാണു മാപില്‍ കാണുന്നത്.  കണ്ടൈനര്‍ റോഡില്‍ പിഴല ജംങ്ക്ഷനില്‍ നിന്നും വടക്കോട്ടു പോകണം. ഇടക്കു വെള്ളം കാണുന്നതു കൊണ്ട് അങ്ങുവരെ എത്തുമോ എന്ന സംശയം ഉണ്ടായെങ്കിലും കണ്ടൈനര്‍ റോഡുതന്നെ തിരഞ്ഞെടുത്തു. ആ വഴിയോടൂള്ളൊരു അടുപ്പം തന്നെ കാരണം. ഇടപ്പള്ളിയില്‍ നിന്നു പോകുമ്പോള്‍ ചേരാനല്ലൂര്‍, കോതാട് ജംങ്ക്ഷനുകള്‍ കഴിഞ്ഞാണ്‌ പിഴല ജംങ്ക്ഷന്‍. പിഴലയെത്തിയപ്പോള്‍ ബസ്റ്റോപ്പില്‍ കുറച്ചുപേര്‍ ബസ് കാത്തു നില്‍ക്കുന്നുണ്ട്. അവരോട് വഴി ചോദിച്ചു. വളരെ താത്പര്യത്തോടെ വഴിപറഞ്ഞു തുടങ്ങിയപ്പോഴെക്കും അവര്‍ക്കു പോകാനുള്ള ബസ് വന്നു. ബസ്സില്‍ ഓടിക്കയറിക്കൊണ്ടാണ്‌ വഴി പഞ്ഞത്. "ഇവിടെ നിന്നും ഇടതുവശത്തെ സൈഡ് റോഡിലേക്കു കടന്നു പാലത്തിനടിയിലൂടെ വലതുവശത്തുള്ള റോഡില്‍ കടന്നു നേരെ പോയാല്‍ ...". അപ്പൊഴേക്കും ബസ് എടുത്തു കഴിഞ്ഞിരുന്നു. അവര്‍ പറഞ്ഞു കഴിഞ്ഞോ ആവോ?. ചോദിച്ചു ചോദിച്ചു പോകാം.   അതല്ലേ രസം.

ചെറുതും വലുതുമായ കുഴികള്‍ നിറയെ ഉണ്ടങ്കിലും ഒരു സ്കൂട്ടറിനു കടന്നു പോകനുള്ള വഴിയൊക്കെയുണ്ട്. പാലത്തിനടിയിലൂടെ പോകുമ്പോള്‍ തല മുട്ടുമോ എന്നൊരു സംശയം. തല അല്പം കുനിച്ച്  മുകളിലേക്കു നോക്കിയപ്പോള്‍  രണ്ടു വശത്തെയും പാലത്തിനിടയില്‍ ഒരു വിടവ്. ആ വിടവിലൂടെ ആകാശം. പാലത്തിനടിയിലെ വിടവിലൂടെ അങ്ങനെയൊരാകാശശകലം കണ്ടപ്പൊള്‍ ചുമ്മാതൊരു സന്തോഷം.

പാലത്തിനടിയില്‍ കുറച്ചുപേര്‍ സംസാരിച്ചിരിക്കുന്നുണ്ട്. കുറച്ചു മാറി നിന്നിരുന്ന ചേട്ടനോടു ഒന്നു കൂടി വഴി ചോദിച്ചു. ചേട്ടന്റെ വക കുഴപ്പിക്കുന്ന മറു ചോദ്യം. "ചെറിയ കടമാക്കുടിയോ വലിയ കടമാക്കുടിയോ?". കടമാക്കുടി രണ്ടുണ്ടെന്നുള്ളതു പുതിയ അറിവായിരുന്നു. വലിയ കടമാക്കുടിക്കു വരാപ്പുഴ വഴി പോകണം. ഇതുവഴി പോയാല്‍ ഫെറി കടന്നു  ചെറിയ കടമാക്കുടിയെത്താം. ആദ്യം ഒന്നു ശങ്കിച്ചെങ്കിലും, ഇതുവരെ എത്തിയതല്ലേ ചെറിയ കടമാക്കുടി തന്നെ  കണാം എന്നു തീരുമാനിച്ചു.

ചെറിയ കോണ്‍ക്രീറ്റ് വഴി നേരെ ചെല്ലുന്നത് ഫെറിയിലേക്കാണ്‌. രണ്ടു വള്ളം ചേര്‍ത്തൊരു ജങ്കാര്‍ അവിടെ കാത്തു കിടക്കുന്നുണ്ടായിരുന്നു. മൂന്നുനാലു ടൂ വീലറും, എട്ടു പത്തു ആള്‍ക്കാരും കാണും. മറുകരയിലും കുറച്ചു പേര്‍ ജങ്കാര്‍ കാത്തു നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ കയറിയ ഉടന്‍ തന്നെ ജങ്കാര്‍ നീങ്ങി തുടങ്ങി. രണ്ടു വശത്തേക്കും വീതി വയ്ക്കുന്ന കായല്‍. ചീനവലകള്‍. കരയിലാകെ പച്ചപ്പും. യാത്ര രസം പിടിച്ചു തുടങ്ങി. കുട്ടികാലത്തെപ്പോഴൊ വൈപ്പിനിലേക്കു നടത്തിയ ജങ്കാര്‍ യാത്രയാണ്‌ മനസ്സിലുള്ളത്. ആ കാഴ്ച കണ്ടങ്ങനെ നില്‍കുമ്പോള്‍... ഇളം വെയില്‍ മുഖത്തടിച്ചപ്പോള്‍... ചെറു കാറ്റു വന്നു തലോടിയപ്പോള്‍...ചുമ്മാ ഒരു സന്തോഷം...



മറുകരയിലും ചെറിയ കോന്‍‍ക്രീറ്റ് വഴികളാണ്‌. രണ്ടു വശത്തും അടുപ്പിച്ചു വീടുകള്‍. മതിലുകളില്ലത്തവ. വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്ന അയല്‍കാരികള്‍. വീടുതോറും സാധനങ്ങല്‍ വില്‍ക്കുന്ന കെട്ടുകാരനോടു തുണികള്‍ വങ്ങിക്കുകയും കണക്കു പറയുകയും ചെയ്യുന്ന ചിലര്‍. വെള്ളം കുടവുമായി പോകുന്ന സ്ത്രീകള്‍, ഒഴിഞ്ഞ പറമ്പിലെ ചെളിയില്‍ പന്തു കളിക്കുന്ന കുട്ടികള്‍. വളരെ കാലങ്ങള്‍ക്കു ശേഷം കാണുന്ന നാടന്‍ കാഴ്ചകള്‍ കണ്ടു രസം പിടിച്ചങ്ങനെ പോകവെ കടമാക്കുടി എന്നൊരു  ചെറിയ ബോര്‍ഡ് ഇടതുവശത്തു കണ്ടു.

വഴിയുടെ വലിപ്പം കണ്ടു തെല്ലൊരു സംശയം.  ഒന്നു കൂടി വഴി ചോദിക്കാം എന്നു കരുതി  അവിടെയൊരൊഴിഞ്ഞ കടത്തിണ്ണയിലിരുന്ന ചെറുപ്പക്കാരെ നോക്കിയപ്പോള്‍ തന്നെ അവര്‍ മറുപടി തന്നു "ചെറിയ കടമാക്കുടിയല്ലേ? സംശയിക്കേണ്ട അതു വഴി തന്നെയാ. നേരേ പോയാല്‍ മതി". മനസ്സില്‍ കാണുന്നതു മാനത്തു കാണുന്ന ആള്‍ക്കാരെ ഒരു പുഞ്ചിരികൊണ്ട് അഭിനന്ദിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.

വഴിയുടെ തുടക്കത്തില്‍ കുറച്ചു ദൂരം വശങ്ങളില്‍ കരയുണ്ട്. പിന്നീടുള്ള യാത്ര പാടത്തിന്റെ നടുവിലൂടെ. പുതിയ പാലത്തിന്റെ പണി നടകുന്നതു കാണാം. പാടത്താകെ വെള്ളമാണ്‌. വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന കൊക്കുകള്‍ ഞങ്ങളെ കണ്ട് പറന്നു പോയി. വൈകിട്ട് നടക്കാനിറങ്ങിയതാവണം, നൈറ്റിയിട്ട മൂന്നു സ്ത്രീകള്‍ ആസ്വദിച്ചു വര്‍ത്തമാനം പറഞ്ഞ് നടന്നു വരുന്നുണ്ട്. പൊക്കാളി പാടം കാണണമെന്ന ആഗ്രഹം കൊണ്ട് അവരോട് ക്യഷിയെ പറ്റി ചോദിച്ചു. സൈക്കിളില്‍ അതുവഴി വന്ന ഒരു മദ്ധ്യവയസ്കന്‍ ചേട്ടനും ഒപ്പം കൂടി. ക്യഷി പൊതുവേ കുറവാണ്‌.  വലിയ കടമാക്കുടിയില്‍ ചിലയിടങ്ങളില്‍ ഉണ്ടാവും. അടുത്ത ഫെറി കടന്നു നേരേ പോയാല്‍ വലിയ കടമാക്കുടിയെത്താം. ചെറിയ കടമാക്കുടിയില്‍ നിന്നും വലിയ കടമാക്കുടിയിലേക്കെത്താമെന്നതു പുതിയ അറിവായിരുന്നു. മനസ്സിലൊരു വലിയ കടമാക്കുടി ലഡ്ഡു പൊട്ടി. ചെറിയ കടമാക്കുടി അവിടെ ഉപേക്ഷിച്ചു  നേരേ ഫെറിയിലേക്ക്. വഴി ചോദിക്കുമ്പോള്‍ പലരോടു ചോദിക്കണം എന്നൊരു തീരുമാനവും ഒപ്പം മനസ്സിലെടുത്തു.


ജട്ടിയിലെത്തിയപ്പോഴെക്കും ജങ്കാര്‍ എടുത്തു കഴിഞ്ഞിരുന്നു. പക്ഷെ ഞങ്ങളെ കണ്ടപ്പോഴെക്കും 'അക്കരക്കാണോ' എന്നു ചോദിച്ചു കൊണ്ട് തിരിച്ചു കരക്കടുപ്പിച്ചു. വീണ്ടുമൊരു ജങ്കാര്‍ യാത്ര കൂടി. മഴക്കാറു വച്ചു വരുന്നുണ്ട്. നല്ല തണുത്ത കാറ്റും. കണ്ണടച്ച് കാറ്റിന്റെ തലോടല്‍ ആസ്വദിച്ചു തുടങ്ങിയപ്പോഴെക്കും മറുകരയെത്തി.

വീണ്ടും മെറ്റല്‍ പാകിയ ചെറിയ വഴി. ഇരുവശത്തുമുള്ള വീടുകള്‍ പിന്നിട്ട് പാടത്തിന്റെ നടുവിലൂടെ. തോട്ടില്‍ ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന സ്ത്രീകള്‍ ശ്രദ്ധയില്‍ പെട്ടുവെങ്കിലും ലക്ഷ്യം വലിയ കടമാക്കുടിയായതു കൊണ്ട് യാത്ര തുടര്‍ന്നു. ചില സ്ഥലത്തു റോഡിനിരുവശവും ഉയരത്തില്‍ കുറ്റിചെടികള്‍. ചതുപ്പുനിലം. കണ്ടല്‍ ചെടികള്‍ കണ്ടപ്പോള്‍ വീണ്ടുമൊരു സന്തോഷം. അവിടൊന്നു നിറുത്തി. കോഴിക്കോടുയാത്രകളില്‍ ആസ്വദിക്കാറുള്ള കടലുണ്ടിയിലെ കണ്ടല്‍ കാടുകള്‍ കാടുകളും, കല്ലേന്‍ പൊക്കോടനും, നടാനുള്ള കണ്ടല്‍ വിത്തുകള്‍ കയറ്റിയ വഞ്ചിയും,  പൊക്കോടന്റെ മുഖത്തെ ചിരിയും ഓര്‍മ്മയില്‍ വന്നു. ചെളി വെള്ളത്തില്‍ കളിച്ചു കൊണ്ടിരുന്ന പേരറിയാത്ത പക്ഷികളെ കുറച്ചു നേരം നോക്കി നിന്നു യാത്ര തുടര്‍ന്നു.  വഴിയില്‍ കണ്ട സ്കൂട്ടര്‍ യാത്രക്കാരനോടു ഒന്നു കൂടി വഴി ചോദിച്ചുറപ്പിച്ചു. തെറ്റാന്‍ മറ്റു വഴികളൊന്നുമില്ലങ്കില്‍ കൂടിയും.  'ഈ വഴി  നേരേ ചെന്നു കയറുന്നതു ഒരു ടാര്‍ റോഡിലാണ്‌. കിഴക്കോട്ട് വരാപ്പുഴ. പടിഞ്ഞാറോട്ടു  കടമക്കുടി'.


നല്ല വഴി. ടാറിങ്ങ് കഴിഞ്ഞ് അധികമായിട്ടില്ല എന്നു തോന്നുന്നു. നേരെ നിവര്‍ന്നു കിടക്കുന്ന സുന്ദരന്‍ റോഡും, വശങ്ങളില്‍ വെള്ളം നിറഞ്ഞ പാടങ്ങളൂം. കടമാക്കുടി സൗന്ദര്യം നുകര്‍ന്നു തുടങ്ങാം. വണ്ടി നിര്‍ത്തി കുറച്ചു നേരം ആ സൗന്ദര്യത്തിലേക്ക്. ചൂണ്ടയിടുന്ന നാലു കുട്ടികള്‍  അപ്പോഴാണ്‌ ശ്രദ്ധയില്‍ പെടുന്നത്. ഒപ്പം അവരുടെ അച്ഛ ന്മാരുമുണ്ട്. കുറച്ചു നേരം അവരുടെ കൂടെ കൂടി. കളമശ്ശേരിക്കാരാണ്‌. സെന്റ് പോള്‍സ് സ്കൂളില്‍ പഠിക്കുന്നു. ചൂണ്ടയിടാന്‍ അത്യാവശ്യം പ്രാഗത്ഭ്യം നേടിക്കഴിഞ്ഞു. കിട്ടിയ മീനൊക്കെ ഒരു പ്ലാസ്റ്റിക് കൂട്ടില്‍ ശേഖരിച്ചിരിക്കുന്നു. ചെറിയ പള്ളത്തികളാണധികവും. വളഞ്ഞ കൊളുത്ത്  നൂലില്‍ കെട്ടിയ നാടന്‍ ചൂണ്ടയാണവരുടെ കൈയില്‍. ചെറിയ പ്ലാസ്റ്റിക് പാത്രത്തില്‍ കുറച്ചു മണ്ണിരയെയൊക്കെ കൊണ്ടുവന്നിട്ടുണ്ട്. മുതിര്‍ന്ന കുട്ടി മണ്ണിരയെ കൈകൊണ്ടെടുത്തു ചൂണ്ടയില്‍ കോര്‍ക്കുന്നു. ചെറിയ കുട്ടി മണ്ണിരയെ തപ്പിയെടുത്തു കൊടുക്കുന്നുണ്ട്. മണ്ണിനെ, മണ്ണിരയെ തൊടാന്‍ അറപ്പില്ലത്ത കുട്ടികള്‍. ഈ നാടന്‍ വിനോദത്തില്‍ ആനന്ദം കണ്ടെത്തുന്ന കുട്ടികള്‍. സന്തോഷം തോന്നി. ഒപ്പം അവരുടെ മാതാപിതാക്കളോട് ബഹുമാനവും.

വീണ്ടും നീണ്ട വഴി. കാറിലും ബൈക്കിലുമൊക്കെയായി കുറച്ചാളുകള്‍ വന്നിട്ടുണ്ട്. ആകപ്പാടെ ഫോട്ടോമയം. വഴയില്‍ ഒന്നുരണ്ട് ചെറിയ തട്ടുകടകളുണ്ട്. കപ്പ, ബോട്ടി, പോര്‍ക്, ദോശ, ഓംലറ്റ് ഒക്കെ കിട്ടും. നീണ്ടു വിരിഞ്ഞ പാടശേഖരമുണ്ടങ്കിലും കാര്യമായ ക്യഷിയൊന്നും കണ്ടില്ല. അവിടിവിടായി  പച്ചപ്പു കാണുന്നതധികവും പുല്ലു വളര്‍ന്നതാണ്‌. അവിടിവിടെ കാണുന്ന മൊട്ടോര്‍ പുരകളും, പാടവരമ്പും, വരമ്പത്തെ പുല്ലുകളും തെങ്ങുകളുമൊക്കെ ഭൂരിഭാഗവും വെള്ളം നിറഞ്ഞ പാഠശേഖരത്തിനാകെയൊരു കാല്പനിക സൗന്ദര്യം പകരുന്നുണ്ട്. ആ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം  വരമ്പത്തിരുന്നു സെല്‍ഫീയില്‍ പരീക്ഷണം നടത്തുന്ന യോ യോ ടീംസിനെ കണ്ടു  പഠിക്കാനും മറന്നില്ല.

ഇപ്പോൾ കാര്യമായ കൃഷിയൊന്നും നടക്കുന്നില്ല എന്നാണ് നാട്ടുകാരനായ മനോഹരൻ ചേട്ടൻ പറഞ്ഞത്. ചെറിയ മകനുമായി കാറ്റുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.ആദ്യകാലങ്ങളിൽ പാടത്തായിരുന്നു പണി. മേടമാസമാണ് പണി തുടങ്ങുക. ആദ്യം പാടം നന്നായി കിളച്ചിടും. എന്നിട്ടാണ് വിത്തെറിയുക. നൂറ്റി ഇരുപത് ദിവസത്തെ കണക്കാണ്. പുതുമഴക്ക് വിത്ത് മുളച്ചു തുടങ്ങും. വെള്ളം പൊങ്ങുന്നതിനനുസരിച്ച് കൂമ്പും വെള്ളത്തിനു മേല്‍ പൊങ്ങിവരും. കൊയ്ത് ഒക്ടോബറിൽ. എട്ടില്‍ ഒരു പങ്ക്  നെല്ലായിരുന്നു  ആദ്യകാലങ്ങളില്‍ കൂലി. പിന്നീട് ഏഴില്‍ ഒന്നും അവസാനം പൈസയുമായി. മെച്ചമില്ലാതായതോടെ പതിയെ  ക്യഷി നിന്നു. വല്ലപ്പോഴും കുറച്ചു പണിതാല്‍ തന്നെ മുതലാകാത്തതു കൊണ്ട് ആരും പണിയുന്നില്ല. ഇപ്പോള്‍ കണ്ടം കിളക്കാറില്ല. വെറുതെ   വിത്തെറിയും കുറേയൊക്കെ കിളിര്‍ക്കും. അത്രമാത്രം. ഇപ്പോഴധികവും മീന്‍ ക്യഷിയാണ്‌. മനോഹരന്‍ ചേട്ടനിപ്പോള്‍ ലോഡിങ്ങ് വര്‍ക്കിനു പോകുന്നു. എങ്കിലും ക്യഷിയോടിപ്പോഴും സ്നേഹമാണ്‌. ക്യഷിയെ പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ആളുടെ മുഖത്തു സന്തോഷം വിടര്‍ന്നിരുന്നു.  ക്യഷിയില്ലാതായതിന്റെ ദുഖവും അദ്ദേഹം മറച്ചുവച്ചില്ല. മനോഹരന്‍ ചേട്ടനോട് യാത്ര പറഞ്ഞു നീങ്ങുമ്പോള്‍ പഴയകാല പൊക്കാളി ക്യഷി മനസ്സില്‍ കണ്ടു. ചെളി കിളച്ചു മറിക്കുന്നതും, വിത്തെറിയുന്നതും, വെള്ളത്തിനു മേല്‍ വളര്‍ന്നു നില്‍ക്കുന്ന നെല്‍ചെടികളും, വഞ്ചി തുഴഞ്ഞുള്ള കൊയ്ത്തും. ആ സങ്കല്പം തന്നെ സുഖം പകരുന്നതായിരുന്നു. എത്രയോ തലമുറയുടെ അദ്വാനത്തിനും, സന്തോഷത്തിനും, സങ്കടത്തിനും, മോഹങ്ങള്‍ക്കും, മോഹഭംഗങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടാവും ഈ പാടശേഖരങ്ങള്‍. 


ഒരു പുഷ്പം മാത്രമെന്‍... പൂങ്കുലയില്‍ നിര്‍ത്താന്‍ ഞാന്‍...ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍...ഒരു ഗാനം മാത്രമെന്‍..........
എവിടെ നിന്നോ ഒഴുകിവന്ന ഗാനമാണ്‌ ഗതകാല സ്മരണയില്‍ നിന്നുയര്‍ത്തിയത്.  മഴക്കാറു മൂടിയ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ പ്രിയ ഗാനം നല്‍കിയ സുഖം.പിന്നീടുള്ള നടത്തം പാട്ടിന്റെ ദിശയിലായി. എത്തീതു മൊബൈലില്‍ പാട്ട് റെകോര്‍ഡ് ചെയ്യുകയായിരുന്ന
മൂന്നു ന്യൂജെന്‍ പയ്യന്‍സിന്റെ അടുത്ത്. പാടി തീരുന്നതു വരെ പാട്ട് ആസ്വദിച്ചു നിന്നു.  ആപശ്ചാത്തല സംഗീതം കൂടിയായപ്പോള്‍ കടമാക്കുടി കൂടുതല്‍ സുന്ദരിയായി തോന്നി. 

കുറേ നേരമവിടങ്ങനെ ഇരിക്കണമെന്നു തോന്നിയെങ്കിലും സന്ധ്യയാതു കൊണ്ടു തിരികെ നടന്നു. ഇനിയുമിനിയും വരണമെന്ന ആഗ്രഹത്തോടു കൂടി. ഇഷ്ടഗാനങ്ങല്‍ക്കൊപ്പം മനസ്സിനെ പ്രക്രിതിക്കൊപ്പം അലയാന്‍ വിടണം. ചുറ്റുപാടുകളെ കുറിച്ച്, സമയത്തെ കുറിച്ച്, എന്നെ കുറിച്ചു തന്നെ ചിന്തയില്ലാതെ.  മതിവരുവോളം  കടാമാക്കുടി അനുഭവിക്കണം. യാത്ര എവിടേക്കാണങ്കിലും അതൊരു അനുഭവം തന്നെയാണ്‌. കണ്ടും, കേട്ടും, മണത്തും, രുചിച്ചും, സ്പര്‍ശിച്ചുമെല്ലാം പ്രക്യതിയെ,നാടിനെ അറിയുന്നൊരു സുഖാനുഭവം. 

 തിരികെ വരാപ്പുഴ വഴി ഇടപ്പള്ളിയിലേക്ക്. കടമാക്കുടീയില്‍ നിന്നുള്ള വഴി വരാപ്പുഴ മാര്‍ക്കറ്റിനു മുന്നിലൂടെയാണ്‌ 17 ലെക്കെത്തുക. ഇതാണ്‌ ശരിക്കുള്ള വഴി. പക്ഷെ പിഴല വഴി വന്നതു കൊണ്ട് നാട്ടുവഴി, ദ്വീപു ജീവിതം, ഫെറി, ജങ്കാര്‍ യാത്ര, കണ്ടല്‍ ഒക്കെ ആസ്വദിക്കാന്‍ പറ്റി. പിന്നെ വഴിയും പഠിച്ചു . ടൂ വീലര്‍ ആണങ്കിലേ ആ വഴി വരാന്‍ പറ്റൂ. കാറിനു വരുമ്പോള്‍ വരാപ്പുഴ വഴി തന്നെ വരണം. 

യാത്ര കഴിയുമ്പോള്‍ ഇത്തിരിയൊത്തിരി സന്തോഷം ബാക്കി. നാട്ടു വഴിയുടെ, ജങ്കാര്‍ യാത്രയുടെ, പാടത്തിന്റെ, പാടവരമ്പിന്റെ, കണ്ടലിന്റെ,   മണ്ണിര ചൂണ്ടയുടെ, പിന്നെ.. പാടത്തു മുഴങ്ങിയ പാട്ടിന്റെ... 

ലേഖാ ദാസ് 












Comments

Post a Comment

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ