സ്വയംവര പരീക്ഷ
സ്വയം വരം എന്നാല്‍ സ്വയം വരിക്കുക. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു കൂട്ടം യോഗ്യരായ പുരുഷന്മാരില് നിന്നും തന്റെ മനസിനിണങ്ങുന്ന ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുത്തു വരണമാല്യം ചാര്‍ത്തി സ്വീകരിക്കുക.
പൌരാണിക ഭാരതത്തില്‍ രാജകുമാരിമാരുടെ വിവാഹം സ്വയം വരത്തിലൂടെയാണ് നടന്നിരുന്നത്. സ്വയംവരത്തില്‍ തിരഞ്ഞെടുപ്പിനുള്ള സ്വാതത്ര്യം വധുവിനു മാത്രമേ ഉള്ളൂ. ഇതില്‍ പങ്കെടുക്കുന്ന പുരുഷന്മാര്ക്ക് സത്യത്തില്‍ ഇതൊരു മത്സരപരീക്ഷതന്നെയായിരുന്നു. ഇന്നത്തെ പല റിയാലിറ്റി ഷോകളുടെയും ആദിമ രൂപം തന്നെയായിരുന്നു അത് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ത്രയംബകം വില്ല് ഒടിച്ചാണ് രാമന് സീതയെ സ്വന്തമാക്കിയത്. ദ്രൌപദിയെ വേള്‍ക്കുന്നതിന് അര്‍ജുനനും സ്വന്തം കഴിവ് തെളിയിക്കേണ്ടി വന്നു. യോഗ്യരായ അനേകരില്‍ നിന്നും ഏറ്റവും ഉത്തമനായ വരനെ കുമാരിക്ക് വേണ്ടി കണ്ടെത്തുവാനുള്ള ഒരു സമ്പ്രദായമായി വേണം സ്വയംവരത്തെ കാണുവാന്‍.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അങ്ങനെയൊരു സ്വയംവരം സങ്കല്പ്പിക്കാന് കൂടി കഴിയില്ലങ്കിലും ( റിയാലിറ്റി ഷോയ്കുവേണ്ടി നടത്തിയ രാഖി സാവന്തിന്റെ സ്വയംവരം തല്കാലം മറക്കാം ) ഇന്നും അതൊരു മനോഹര സങ്കല്പം തന്നെ.
വാസ്തവത്തില്‍ ഈ സ്വയംവരം പുരാണത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നാണോ? മനുഷ്യോല്പത്തിയുടെ കാലം മുതല്‍, അതിന്റെ തലമുറകളില്‍ നിന്നും തലമുറകളിലേക്കു നീളുന്ന നിലനില്പിന്റെ ആധാരം തന്നെ ഇത്തരമൊരു സ്വയംവരമല്ലേ?
അതെ എന്നുതന്നെ ഉത്തരം പറയേണ്ടി വരും. ലക്ഷണമൊത്ത അണ്ഡമാണിവിടുത്തെ വധു. ഒട്ടനേകം ഗ്രാഫിയന്‍ ഫോളിക്കിള്‍ കുമാരിമാരില്‍ നിന്നും ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരാള്‍ക്കല്ലേ സ്വയംവരപന്തലിലേക്ക് പ്രവേശനം ലഭിക്കൂ. അന്ത: പുരമായ അണ്ഡാശയത്തില്‍ നിന്നും ഫിംബ്രിയ വഴിവേണം ആമ്പ്യുളയില് സജ്ജമാക്കിയ സ്വയംവരപന്തലില്‍ എത്താന്‍. അവിടെയാണ് വരനുവേണ്ടിയുള്ള കാത്തിരിപ്പ്.
ഈ സ്വയംവരത്തിലെ പരീക്ഷ വില്ലൊടിക്കലും മറ്റുമല്ല. ഇതൊരു ഓട്ടപന്തയമാണ്. ലക്ഷകണക്കിന് ബീജകുമാരന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. സാധാരണ ഗ്രൗണ്ടില്‍ വരച്ചിട്ട ട്രാക്കിലൂടെയില്ല ഓട്ടമല്ലിത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ശരിയായ മാര്‍ഗ്ഗം കണ്ടുപിടിച്ചു ഒന്നാമനായി ലക്ഷ്യത്തിലെത്താനുള്ള മത്സരമാണിത്. ഒരു കാര്‍ റാലിയോടോ മറ്റോ ഇതിനെ താരതമ്യപ്പെടുത്താം. (പക്ഷേ നാവിഗേറ്റര്‍ ഇല്ലാട്ടോ)
യോനീമുഖത്തുനിന്നും മത്സരം തുടങ്ങി ഗര്ഭപാത്രത്തിലെത്തുംബോഴേക്കും മിക്കവരും വീണുപോവുകയാണ് പതിവ്. നാവിഗേറ്റര്‍ ഇല്ലാത്തതിനാല്‍ പകുതിയോളം പേര് വഴി തെറ്റി എതിര് ദിശയിലേക്കു പോവുകയും ചെയ്യും. മത്സരാദ്യത്തില് ഉണ്ടായിരുന്ന ലക്ഷകണക്കിന് കുമാരന്മാരില്‍ നിന്നും നൂറോളം പേര്‍ക്ക് മാത്രമാണ് കുമാരിക്കടുത്തെത്താന് കഴിയുക.
ഇനി കരുത്തു തെളിയിക്കാനുള്ള ഒരു കടമ്പ കൂടിയുണ്ട്. കുമാരിക്ക് ചുറ്റുമുള്ള കോശ ഭിത്തി (സോണ പെല്ലുസിട) ആദ്യം തകര്‍ത്ത് അകത്തു കടക്കുന്ന കുമാരനാണ് രാജകുമാരിയെ വേള്‍ക്കാന്‍ കഴിയുക.
ലക്ഷ്യബോധവും ആരോഗ്യവും അധ്വാനശേഷിയും ഉള്ള വരനുമായുള്ള സ്വയംവരം നടക്കുമ്പോള്‍ ഒരു ഉത്തമ ജന്മം പിറവിയെടുക്കുന്നു. സ്വയംവരമെന്ന സുന്ദരസങ്കല്പം അങ്ങനെ കാലാതീതമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ശുഭം


ചിന്തകലെന്ന അന്ഡാശയത്തില് നിന്നും പിറവിയെടുത്ത ഒരു മനോഹര സൃഷ്ടി ...........OBG BECOME MORE EASY HAHAAA
ReplyDeletethank you jithin
Deletemadam, nice concept.......njangaleyum ingane padippikkamayirunnu tto???
ReplyDelete